Kerala

പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി വിപുലമായ ധനശേഖരണ പദ്ധതിയുമായി സര്‍ക്കാര്‍; പ്രവാസികളില്‍ നിന്ന് സംഭാവന സ്വീകരിക്കാന്‍ മന്ത്രിമാര്‍ വിദേശത്തേക്ക്

പ്രളയക്കെടുതിയില്‍ പെട്ടവരുടെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി വിപുലമായ ധനശേഖരണ പദ്ധതിയുമായി സര്‍ക്കാര്‍. ലോകമെങ്ങുമുള്ള മലയാളികളെ പദ്ധതിയുമായി കോര്‍ത്തിണക്കും. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഒരേ പോലെ ധനശേഖരണം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇതിനായി ജില്ലകളുടെ ചുമതല മന്ത്രിമാരെ ഏല്‍പിച്ചു. വിദേശത്ത് നിന്ന് ഫണ്ട് ശേഖരിക്കാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും അവിടേക്ക് പോകും. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും സെപ്തംബര്‍ 13ന് ഫണ്ട് ശേഖരണം നടത്താനും, ശബരിമലയില്‍ മണ്ഡലകാല സീസണിന് മുന്‍പ് അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതിക്കും സര്‍ക്കാര്‍ രൂപം നല്‍കി.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയെ നിയമിക്കും. ഡോ.വി. വേണു, കെ.ആര്‍. ജ്യോതിലാല്‍, ടിങ്കു ബിസ്വാള്‍ എന്നീ സീനിയര്‍ ഉദ്യോഗസ്ഥരും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നവംബര്‍ 17നാണ് മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമെല്ലാം സമയബന്ധിതമായി പുനര്‍നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കുന്നതിനുളള പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് പാര്‍ട്ട്ണറായി അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ കെ.പി.എം.ജിയെ നിയമിക്കാന്‍ തീരുമാനിച്ചു. കെ.പി.എം.ജിയുടെ സേവനം സൗജന്യമായിരിക്കും.

പ്രളയത്തില്‍തകര്‍ന്ന വീടുകളുടെയും കടകളുടെയും ഡിജിറ്റല്‍ വിവര ശേഖരണത്തിന് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും. ഐ.ടി. വിദ്യാര്‍ഥികളുടെ സന്നദ്ധപ്രവര്‍ത്തകരുടെയും മറ്റും സഹകരണത്തോടെയാകും വിവര ശേഖരണം. ഡോ. കെ.എന്‍. ഹരിലാല്‍, തദ്ദേശസെക്രട്ടറി ആര്‍. ഗിരിജ, ഡോ. സജിഗോപിനാഥ്, ഡോ. ജോയി ഇളമണ്‍ എന്നവരടങ്ങുന്ന സമിതിക്കാണ് മേല്‍നോട്ടചുമതല.

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരെ സഹായിക്കുന്നതിന് വായ്പാ പദ്ധതി നടപ്പാക്കും. കച്ചവടക്കാര്‍ക്ക് പത്തു ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കും. സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ എന്നിവര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കും.

പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കും. വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. വായ്പയുടെ തിരിച്ചടവ് ഉറപ്പാക്കുന്നതിന് കുടുംബശ്രീ വഴിയായിരിക്കും വായ്പ നല്‍കുക. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി കരാര്‍ ഉണ്ടാക്കുന്നതാണ്.

വിഭവസമാഹരണത്തിന്റെ ഭാഗമായി പ്രവാസി മലയാളികള്‍ ഏറെയുളള വിദേശ രാജ്യങ്ങളില്‍ നിന്ന് ധനശേഖരണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ലോക കേരളസഭ അംഗങ്ങളെയും പ്രവാസി സംഘടനകളെയും സഹകരിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനശേഖരണം നടത്തും.

ഇതിനുവേണ്ടി ഒരു മന്ത്രിയെയും ആവശ്യമായ ഉദ്യോഗസ്ഥരെയും നിയോഗിക്കും. യു.എ.ഇ., ഒമാന്‍, ബഹ്‌റിന്‍ സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ആസ്‌ത്രേലിയ, ന്യൂസിലന്റ്, യു.കെ, ജര്‍മ്മനി, യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസികളില്‍ നിന്ന് ധനസമാഹരണം നടത്താനാണ് തീരുമാനം.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമുളള വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സപ്തംബര്‍ 10 മുതല്‍ 15 വരെ ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് ഫണ്ട് ശേഖരണം നടത്താന്‍ തീരുമാനിച്ചു. ഇതിനു മുന്നോടിയായി സപ്തംബര്‍ മൂന്നിന് എല്ലാ ജില്ലകളിലും ധനസമാഹരണ പരിപാടിയുടെ സംഘാടനത്തെക്കുറിച്ച് ആലോചിക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ ജില്ലയിലെ വകുപ്പ് മേധാവികളുടെ യോഗം വിളിക്കുന്നതാണ്. ജില്ലകളിലെ ധനസമാഹരണത്തിന് മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. അത് ഇപ്രകാരമാണ്:

കാസര്‍കോട് ഇ. ചന്ദ്രശേഖരന്‍
കണ്ണൂര്‍ ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ
വയനാട് രാമചന്ദ്രന്‍ കടന്നപ്പള്ളി
കോഴിക്കോട് ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍
മലപ്പുറം കെ.ടി. ജലീല്‍
പാലക്കാട് എ.കെ. ബാലന്‍
തൃശ്ശൂര്‍ സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍
എറണാകുളം എ.സി. മൊയ്തീന്‍ ( ഇ.പി ജയരാജന്‍ സഹായിക്കും)
ഇടുക്കി എം.എം. മണി
കോട്ടയം തോമസ് ഐസക്, കെ. രാജു
ആലപ്പുഴ ജി. സുധാകരന്‍, തിലോത്തമന്‍
പത്തനംതിട്ട മാത്യു ടി തോമസ്
കൊല്ലം മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം കടകംപള്ളി സുരേന്ദ്രന്‍