നാളെ മുതല്‍ വാഹന ഇന്‍ഷുറന്‍സ് നിരക്കു കൂടും

single-img
31 August 2018

നാളെ മുതല്‍ പുതിയ കാറും ഇരുചക്ര വാഹനവും വാങ്ങുന്നവര്‍ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇനത്തില്‍ കൂടുതല്‍ തുക ചെലവിടണം. ഇരുചക്ര വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇന്‍ഷ്വറന്‍സ് 5 വര്‍ഷത്തേയ്ക്ക് ഒരുമിച്ച് എടുക്കണമെന്ന പുതിയ വ്യവസ്ഥ നിലവില്‍ വന്നു.

കാറുകള്‍ ഇനി മുതല്‍ 3 വര്‍ഷത്തെ ഇന്‍ഷ്വറന്‍സ് എടുക്കണം. ഏതു തരം ഇന്‍ഷ്വറന്‍സ് എടുക്കണമെന്നത് ഉപഭോക്താവിന് തീരുമാനിക്കാം. രാജ്യത്തെ നിരത്തുകളില്‍ ഓടുന്ന പകുതിയോളം ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും ഇന്‍ഷുറന്‍സില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

വാഹനം വാങ്ങുമ്പോള്‍ എടുക്കുന്ന കോംപ്രിഹെന്‍സീവ് മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസിക്ക് രണ്ടു ഘടകങ്ങളാണുള്ളത്. സ്വന്തം വാഹനത്തിന്റെ കേടുപാടിനോ നഷ്ടത്തിനോ ധനസഹായ പരിരക്ഷയേകുന്ന ഓണ്‍ ഡാമേജ് (own damage) ഘടകം, ഈ വാഹനം മൂലം മറ്റു വ്യക്തികള്‍ക്കോ വസ്തുവകകള്‍ക്കോ ഉണ്ടാകുന്ന നാശനഷ്ടത്തിന് പരിഹാരമേകുന്ന തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് (third patry insurance).

വാഹനം ആരെയെങ്കിലും ഇടിച്ചുണ്ടാകുന്ന അപകടത്തില്‍ നഷ്ടപരിഹാരമേകുന്നതും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വഴിയാണ്. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. വര്‍ഷംതോറും ഇതു പുതുക്കുന്നതില്‍ പലരും വീഴ്ച വരുത്തുന്നതു കണക്കിലെടുത്താണ് ദീര്‍ഘകാല പ്രാബല്യമുള്ള പോളിസി നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.

വാഹന ഉടമകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഒരു പോലെ നേട്ടമുണ്ടാക്കുന്നതാണ് പുതിയ തീരുമാനം. എല്ലാ വര്‍ഷവും ഇന്‍ഷുറന്‍സ് പുതുക്കുന്ന ബുദ്ധിമുട്ട് ഒഴിവാകുന്നതിനൊപ്പം കൂടുതല്‍ വാഹനങ്ങള്‍ കൂടുതല്‍ കാലത്തേക്ക് ഇന്‍ഷ്വര്‍ ചെയ്യപ്പെടുന്നതോടെ നിരക്കുകള്‍ കുറയുകയും ചെയ്യും.

നിലവില്‍, ഒരു വര്‍ഷം വാഹനത്തിന്റെ അറ്റകുറ്റപ്പണിക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്തിട്ടില്ലെങ്കില്‍ അടുത്ത വര്‍ഷം ‘നോ–ക്ലെയിം ബോണസ്’ ലഭിക്കുകയും ഓണ്‍ ഡാമേജ് പ്രീമിയം കുറയുകയും ചെയ്യും. ദീര്‍ഘകാല പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ ഈ കുറവുസാധ്യത കണക്കിലെടുക്കണമെന്ന് ഐആര്‍ഡിഎ നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലുള്ള വാഹനങ്ങള്‍ക്കും ദീര്‍ഘകാല പോളിസി നടപ്പാക്കാനാകുമോ എന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ പരിശോധിക്കുന്നുണ്ട്.