ഉത്തര്‍പ്രദേശില്‍ വീണ്ടും പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടക്കൊല

single-img
30 August 2018

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ഇരുപതുകാരനെ ആള്‍ക്കൂട്ടം തല്ലികൊന്നു. ഷാരൂഖ് ഖാന്‍ എന്ന യുവാവിനെയാണ് അമ്പതോളം പേരടങ്ങുന്ന സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്. ബറേലിയിലെ ഭോലാപുര്‍ ഹിന്ദോലിയ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്.

ഷാരൂഖ് അടങ്ങുന്ന നാലംഗ സംഘം പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മറ്റു മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമടഞ്ഞു.

മയക്കുമരുന്ന് പതിവായി ഉപയോഗിക്കുന്ന വ്യക്തിയായിരുന്നു ഖാനെന്നും അമിതമായി മയക്കുമരുന്ന് കഴിച്ചിരുന്നതായി സംശയമുണ്ടെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ അഭിനന്ദന്‍ പറഞ്ഞെങ്കിലും വൃക്കയിലും കരളിലുമുള്ള മുറിവുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖാനും മറ്റു രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് രണ്ടു കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിന് കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയും പശു മോഷണത്തിനു ഷാറൂഖ് ഖാനും മൂന്നു സുഹൃത്തുക്കള്‍ക്കെതിരെയും.

അതേസമയം പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചതായുള്ള ആരോപണം ഖാന്റെ കുടുംബം തള്ളിക്കളഞ്ഞു. ദുബായില്‍ ജോലി ചെയ്തിരുന്ന ഖാന്‍ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. സുഹൃത്തുക്കളെ കാണാനായാണ് ഖാന്‍ വീട്ടില്‍ നിന്നിറങ്ങിയതെന്ന് കുടുംബാഗംങ്ങള്‍ പറയുന്നു.