പാര്‍ട്ടിയില്‍ തിരിച്ചെടുത്താല്‍ സ്റ്റാലിനെ നേതാവായി അംഗീകരിക്കാമെന്ന് എം.കെ അഴഗിരി

single-img
30 August 2018

ഡി.എം.കെയില്‍ തിരിച്ചെടുത്താല്‍ സ്റ്റാലിനെ നേതാവായി അംഗീകരിക്കാമെന്ന് സഹോദരന്‍ എം.കെ അഴഗിരി. തന്നെ പാര്‍ട്ടിയിലെടുത്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്നും അഴഗിരി ചെന്നൈയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ജനറല്‍ ബോഡി മാത്രമല്ല പാര്‍ട്ടിയെന്ന് ഡി.എം.കെ മനസിലാക്കണം. അന്തരിച്ച ഡി.എം.കെ അദ്ധ്യക്ഷന്‍ കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലമായ മറീന ബീച്ചിലേക്ക് സെപ്തംബര്‍ അഞ്ചിന് നടത്തുന്ന സമാധാന റാലിയുടെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും അഴഗിരി പറഞ്ഞു. അതേസമയം ആഗസ്റ്റ് 24 മുതല്‍ മധുരയിലെ വസതിയില്‍ വെച്ച് അഴഗിരി അണികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. തിങ്കളാഴ്ച വരെ പിന്തുണ നല്‍കി നിരവധി പേരെത്തിയെങ്കിലും പിന്നീട് കുറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സ്റ്റാലിന്‍ ഡി.എം.കെ അധ്യക്ഷ സ്ഥാനമേറ്റെടുത്തത് മുതലാണിത്.

പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതിനും ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനും 2014ലാണ് അഴഗിരിയെ കരുണാനിധി ഡി.എം.കെയില്‍ നിന്നും പുറത്താക്കുന്നത്. അതിനു ശേഷം മുഖ്യധാരയില്‍ നിന്നും മാറി കഴിയുകയായിരുന്നു അദ്ദേഹം.