സമൂഹ മാധ്യമങ്ങളുടെ ഇന്ത്യയിലെ മേധാവികള്‍ക്കെതിരെ നിയമ നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

single-img
30 August 2018

വിദ്വേഷം ജനിപ്പിക്കുന്നതും തെറ്റിധരിപ്പിക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സോഷ്യല്‍ മീഡിയയുടെ ഇന്ത്യന്‍ തലവന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വാട്ട്‌സ്ആപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും അനിയന്ത്രിതമായി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിതെളിക്കുന്നതായി കണ്ടെത്തിയതോടെയാണ് കേന്ദ്ര നീക്കം.

വാട്‌സ് ആപ്പിനെയാണ് സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് സൂചന. നേരത്തെ സന്ദേശങ്ങള്‍ ആദ്യം അയച്ച ആളിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം വാട്‌സ് ആപ്പ് തള്ളിക്കളഞ്ഞിരുന്നു. ഇതിന് ശേഷം ഇന്ത്യയില്‍ പരാതികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

ഇതേ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയും നിലനില്‍ക്കുന്നുണ്ട്. വിദ്വേഷ സന്ദേശങ്ങള്‍ തടയുന്നതിനായാണ് സമൂഹമാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രതിനിധികള്‍ വേണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇക്കാര്യം നിര്‍ബന്ധമാക്കിയേക്കും. ഇത്തരം സന്ദേശങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഇന്ത്യയിലെ പ്രതിനിധികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.