ദുരിതാശ്വാസത്തിന്റെ മറവില്‍ മരംകടത്ത്: സേവാഭാരതിക്കാരുടെ ലോറി പൊലീസ് പിടിച്ചെടുത്തു

single-img
30 August 2018

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സേവാഭാരതിയുടെ പേരില്‍ അവശ്യവസ്തുക്കളുമായി എത്തിയ ലോറിയില്‍ നിന്ന് മരം ഉരുപ്പടികള്‍ നീലേശ്വരം പൊലീസ് പിടികൂടി. ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിലെത്തിക്കാന്‍ ഗുജറാത്തില്‍ നിന്നും കൊണ്ടു വന്ന വസ്ത്രങ്ങള്‍, അരി എന്നിവ കയറ്റിയ ലോറിയിലാണ് തേക്ക് മരകട്ടില, വാതിലുകള്‍ എന്നിവ കടത്തിയത്.

സംഘപരിവാര്‍ നേതൃത്വത്തിലുള്ള മാവുങ്കാലിലെ സംഭരണ കേന്ദ്രത്തിലിറക്കാനാണ് ലോറിയില്‍ മര ഉരുപ്പടികള്‍ ഉള്‍പ്പെടെ കടത്തിയത്. ധാന്യചാക്കുകളുടെ മുകളിലാണ് മര ഉരുപ്പടികള്‍ ഉണ്ടായിരുന്നത്. നീലേശ്വരം ഓര്‍ച്ചയിലെ ഫര്‍ണ്ണിച്ചര്‍ കടയില്‍ മര ഉരുപ്പടികള്‍ ഇറക്കുന്നത് കണ്ട നാട്ടുകാരാണ് മരം കടത്ത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. നീലേശ്വരം സിഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ലോറി കസ്റ്റഡിയിലെടുത്ത് ഹോസ്ദൂര്‍ഗ് തഹസില്‍ദാര്‍ക്ക് കൈമാറി.

സേവാഭാരതിക്കാരുടെ വിശദീകരണം ഇങ്ങനെ:

ഗുജറാത്തില്‍ നിന്നും 50,000 രൂപ വാടക നിശ്ചയിച്ചാണ് സാധനങ്ങള്‍ കാഞ്ഞങ്ങാട്ടേക്ക് കയറ്റിവിട്ടത്. തലശ്ശേരി സ്വദേശിയായ ലോറി ഡ്രൈവര്‍ വിനുവാണ് കരാര്‍ ഏറ്റെടുത്തത്. 75000 രൂപയാണ് വാടകയായി ഡ്രൈവര്‍ ആവശ്യപ്പെട്ടതെങ്കിലും 50000 രൂപയ്ക്ക് സമ്മതിക്കുകയായിരുന്നു.

ഡ്രൈവര്‍ കൂടുതല്‍ വാടക ലഭിക്കാന്‍ വഴിയില്‍വെച്ച് സേവാഭാരതി അറിയാതെ നീലേശ്വരം ഓര്‍ച്ചയിലെ മരക്കമ്പനിയിലേക്ക് മര ഉരുപ്പടികള്‍ സാധനങ്ങളോടൊപ്പം കയറ്റുകയായിരുന്നു. ഈ മര ഉരുപ്പടികള്‍ ലോറിയില്‍ നിന്ന് ഇറക്കുന്ന സമയത്ത് ഡിവൈഎഫ്‌ഐസിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു.

സ്ഥലത്തെത്തിയ പോലീസ് ലോറി ആര്‍ഡിഒയ്ക്ക് കൈമാറി. തുടര്‍ന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് മുഴുവന്‍ രേഖകളും ബോധ്യപ്പെടുത്തിയതോടെ കളക്ടര്‍ തഹസില്‍ദാറുമായി ബന്ധപ്പെട്ട് ഉല്‍പ്പന്നങ്ങള്‍ സേവാഭാരതിക്ക് തിരിച്ചേല്‍പ്പിച്ചു.

യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെ സേവാഭാരതിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സോഷ്യല്‍മീഡിയയിലും മറ്റും വ്യാപകമായ ദുഷ്പ്രചരണം നടത്തുകയാണ് സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. ഇതിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സേവാഭാരതി അറിയിച്ചു.