സര്‍ക്കാരിനെതിരെ ബോഗ്ല് എഴുതി; യുഎസ് വിമാനത്താവളത്തില്‍ മുസ്ലിം വിദ്യാര്‍ത്ഥിനിയുടെ സാനിറ്ററി പാഡ് അടക്കം അഴിപ്പിച്ച് പരിശോധന നടത്തി

single-img
30 August 2018

വാഷിംഗ്ടണ്‍: അമേരിക്കന്‍ സര്‍ക്കാരിനെതിരെ ബ്ലോഗ് എഴുതിയതിന് വിദ്യാര്‍ഥിനിയെ വിമാനത്താവളത്തില്‍ വിവസ്ത്രയാക്കി പരിശോധന നടത്തിയെന്ന് പരാതി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായ സൈനബ് മര്‍ച്ചന്റിനാണ് ഇത്തരത്തിലൊരു മോശമായ അനുഭവം നേരിടേണ്ടി വന്നത്.

സൈനബ് റൈറ്റ്‌സ് എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകയും എഡിറ്ററുമാണ് വിദ്യാര്‍ത്ഥിയായ സൈനബ്. ബോസ്റ്റണില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പോകുന്നതിനിടെ വിമാനത്താവളത്തില്‍ വച്ചാണ് സംഭവം നടന്നത്. സാധാരണ സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശോധനക്ക് പുറമേ സ്വകാര്യ മുറിയില്‍ കയറ്റി പാന്റും അടിവസ്ത്രങ്ങളും അഴിപ്പിച്ചെന്നും ഇതുകൊണ്ടും പരിശോധന അവസാനിപ്പിക്കാതെ സാനിറ്ററി പാഡും അഴിച്ച് പരിശോധിക്കുകയായിരുന്നുവെന്നും സൈനബ് പറയുന്നു.

ഇതേക്കുറിച്ച് സൈനബ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന് പരാതി നല്‍കി. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ മുഖാന്തിരമാണ് പരാതി നല്‍കിയിരിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിട്ടി അഡ്മിനിസ്‌ട്രേഷനും യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

യുഎസ് സര്‍ക്കാരിനെതിരെ താന്‍ എഴുതിയ ബ്ലോഗുകളാകാം ഉദ്യോഗസ്ഥരെ കൊണ്ട് ഇത്തരമൊരു നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. തന്റെ മത വിശ്വാസങ്ങളെ കുറിച്ചും ഐഎസ് ബന്ധത്തെ കുറിച്ചും പരിശോധനക്കിടയില്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.