പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ട് സ്ഥലങ്ങളിലെ എംഎല്‍എമാരെ നിയമസഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല; പ്രളയം മനുഷ്യനിര്‍മിത ദുരന്തമെന്ന് വി.ഡി.സതീശന്‍

single-img
30 August 2018

തിരുവനന്തപുരം: പ്രളയവും തുടര്‍നടപടികളും ചര്‍ച്ചചെയ്യാന്‍ വിളിച്ചുകൂട്ടിയ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ട് സ്ഥലങ്ങളിലെ എംഎല്‍എമാരെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കി. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനേയും റാന്നി എംഎല്‍എ രാജു ഏബ്രഹാമിനേയുമാണ് ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയത്.

രക്ഷാപ്രവര്‍ത്തനവേളയില്‍ പരസ്യമായി വിമര്‍ശിച്ചവരാണ് സജി ചെറിയാനും രാജു ഏബ്രഹാമും. സൈന്യം യഥാസമയം എത്തിയില്ലെങ്കില്‍ 10,000 പേരെങ്കിലും മരിക്കുമെന്ന സജി ചെറിയാന്റെ പരസ്യമായ അഭ്യര്‍ഥന രക്ഷാപ്രവര്‍ത്തനവേളയില്‍ ഏറെ ചര്‍ച്ചയായിരുന്നു. കൃത്യമായ മുന്നറിയിപ്പ് നല്‍കാതെ ഡാമുകള്‍ തുറന്നതാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന് രാജു ഏബ്രഹാം പരസ്യമായി പറയുകയുണ്ടായി.

താരതമ്യേന പ്രളയ ദുരിതം രൂക്ഷമായി ബാധിക്കാത്ത കായംകുളം എംഎല്‍എ യു.പ്രതിഭയ്ക്ക് വരെ സംസാരിക്കാന്‍ അനുമതി നല്‍കിയപ്പോഴാണ് പ്രളയക്കെടുതി ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂരിന്റെയും റാന്നിയുടേയും എംഎല്‍എമാരെ ഒഴിവാക്കിയത്.

അതേസമയം കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മിതദുരന്തമെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. ഡാം മാനേജ്‌മെന്റിന്റെ പ്രാഥമികപാഠം അറിയാത്തവര്‍ വരുത്തിവച്ചതാണിത്. വെള്ളം തുറന്നുവിടാന്‍ 20 ദിവസമുണ്ടായിട്ടും സര്‍ക്കാര്‍ ചലനമറ്റുനിന്നു. ഉത്തരവാദികള്‍ ആരെന്നു കണ്ടെത്തണം.

ആദ്യരണ്ടു ദിവസം രക്ഷാപ്രവര്‍ത്തനത്തിനുപോലും സര്‍ക്കാര്‍ അനങ്ങിയില്ല. സുഖമില്ലാത്തവരെ കൊണ്ടുവന്നപ്പോള്‍ ആബുലന്‍സ് പോലും ഉണ്ടായില്ല. മൃതദേഹങ്ങള്‍ കെഎസ്ആര്‍ടിസി ബസില്‍ കയറ്റിവിടേണ്ടിവന്നു. നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ ആരും അഭിമാനം കൊള്ളേണ്ട.

മുഖ്യമന്ത്രിയുടെ പരാമര്‍ശം മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ നടുവൊടിക്കുമെന്നും സതീശന്‍ പറഞ്ഞു. സതീശന്റെ പ്രസംഗം പലപ്പോഴും ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. മന്ത്രി എം.എം മണി പ്രസംഗത്തിനിടെ തന്നോട് പരിഹസിക്കുന്ന ചേഷ്ട കാട്ടിയതായും സതീശന്‍ ആരോപിച്ചു. സതീശന്റെ പരാമര്‍ശത്തിനെതിരെ സഭയില്‍ ഭരണപക്ഷത്തിന്റെ പ്രതിഷേധമുയര്‍ന്നു.