ജീവനും കൊണ്ട് ഓടുമ്പോള്‍ എങ്ങനെയാണ് സര്‍ വീടിന്റെ ഫോട്ടോയെടുക്കുകയെന്ന് നിയമസഭയില്‍ പികെ ബഷീര്‍ എംഎല്‍എ: സര്‍ക്കാര്‍ ജനങ്ങളോട് മാപ്പു പറയണമെന്ന് കെ.എം.മാണി

single-img
30 August 2018

പ്രളയ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം കിട്ടാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ. വീട് നഷ്ടപ്പെട്ടവര്‍ തെളിവായി വില്ലേജ് ഓഫീസറെ ഫോട്ടോ കാണിക്കണമെന്നാണ് പറയുന്നത്. ജീവനും കൊണ്ട് ഓടുമ്പോള്‍ എങ്ങനെയാണ് സര്‍ വീടിന്റെ ഫോട്ടോയെടുക്കുകയെന്ന് ബഷീര്‍ ചോദിച്ചു.

അതേസമയം സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിര്‍മിതമാണെന്നും സര്‍ക്കാര്‍ ജനങ്ങളോട് മാപ്പു പറയണമെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം.മാണി പറഞ്ഞു. ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് കാര്യമായ ആലോചനകളോ വിലയിരുത്തലുകളോ ഉണ്ടായില്ലെന്നും ഡാം മാനേജ്‌മെന്റ് പരാജയമായിരുന്നെന്നും മാണി കുറ്റപ്പെടുത്തി.

കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കാര്‍ഷിക മേഖലയ്ക്കുണ്ടായതെന്നു ചൂണ്ടിക്കാട്ടിയ മാണി സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ സഹായിക്കണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.