നിയമസഭയില്‍ സിപിഐ എംഎല്‍എയോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

single-img
30 August 2018

നിയമസഭയില്‍ സിപിഐ എംഎല്‍എയോട് ക്ഷുഭിതനായി മുഖ്യമന്ത്രി. ദുരിതബാധിതര്‍ക്ക് കൂടുതല്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ട മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിനോടാണ് പിണറായി അമര്‍ഷം പ്രകടിപ്പിച്ചത്. പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം 25 ലക്ഷമാക്കണമെന്നുള്‍പ്പെടെ എല്‍ദോ മുന്നോട്ട് വച്ച ആവശ്യങ്ങളുടെ എണ്ണം നീണ്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി എഴുന്നേറ്റ് അംഗത്തിനെതിരെ സംസാരിക്കുകയായിരുന്നു.

‘കേന്ദ്രം അനുവദിച്ചത് എത്രയാണ്, സംസ്ഥാനം എത്രയാണ് കൂട്ടിനല്‍കുന്നത് എന്നെല്ലാം അംഗത്തിന് ധാരണയുണ്ടോ?’ എന്നായിരുന്നു പിണറായിയുടെ ചോദ്യം. ഇതിനു പിന്നാലെ സര്‍ക്കാരിനെ ന്യായീകരിച്ചും കേന്ദ്രത്തിന്റെ സഹായം അപര്യാപ്തമാണെന്നും സിപിഐയുടെ നിയമസഭാ സമാജികര്‍ എല്ലാം ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും താന്‍ രണ്ടു മാസത്തെ വേതനം നല്‍കുമെന്നും അറിയിച്ചാണ് എല്‍ദോ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

നേരത്തെ, പ്രളയത്തില്‍ വീടു തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം 10 ലക്ഷമായി ഉയര്‍ത്തണമെന്ന് ഏറനാട് എംഎല്‍എ പി.കെ. ബഷീറാണ് ആദ്യം ആവശ്യപ്പെട്ടത്. വീടു തകര്‍ന്നവരോടു തകര്‍ന്ന വീടിന്റെ ചിത്രം വേണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതായി അറിഞ്ഞു. പ്രളയത്തില്‍ ജീവനും കൊണ്ട് ഓടുന്നവര്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കണമെന്നാണോ പറയുന്നതെന്നും ബഷീര്‍ മുഖ്യമന്ത്രിയോടു ചാദിച്ചു.