എല്ലാവരും കേരളത്തെ സഹായിക്കുമ്പോള്‍ ആസ്ഥാനഗായകനായ യേശുദാസ് എവിടെ ?; നിയമസഭയില്‍ പി.സി ജോര്‍ജ്ജിന്റെ ചോദ്യം

single-img
30 August 2018

തിരുവനന്തപുരം: പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സഹായം എത്തിയെങ്കിലും മലയാളത്തിന്റെ സാഹിത്യ പ്രതിഭകളെയും ആസ്ഥാനഗായകനായ യേശുദാസിനെയും കാണാന്‍ പോലും കിട്ടിയില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ.

യേശുദാസിനെയൊക്കെ താന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഗായകനാണെന്നും എന്നാല്‍ ഇത്തരമൊരു ഘട്ടത്തില്‍ അദ്ദേഹം രംഗത്ത് ഇല്ലാത്തത് വേദനിപ്പിച്ചെന്നും പി.സി ജോര്‍ജ് പറഞ്ഞു. പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

എന്നാല്‍ ഉടന്‍ തന്നെ സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി പി.സി ജോര്‍ജിന് മറുപടിയുമായി രംഗത്തെത്തി. വിദേശത്തുള്ള യേശുദാസ് പ്രളയക്കെടുതിയില്‍ സഹായവാഗ്ദാനം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം തന്നെ വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാരിനൊപ്പമുണ്ടെന്നും യേശുദാസ് പറഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡെസ്‌കില്‍ അടിച്ചാണ് മറ്റു നിയമസഭാ അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്തത്.