2002ല്‍ സുനാമി ഫണ്ട് വകമാറ്റിയ ചരിത്രമുണ്ട്; ദുരിതാശ്വാസ ഫണ്ട് സുതാര്യമായി ചെലവഴിക്കണമെന്ന് ഒ. രാജഗോപാല്‍: കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് രാജ്‌നാഥ് സിങ്

single-img
30 August 2018

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് സുതാര്യമായി ചെലവഴിക്കണമെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ. 2002ല്‍ സുനാമി ഫണ്ട് വകമാറ്റിയ ചരിത്രമുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതാശ്വാസ ക്യാംപുകള്‍ പിടിച്ചെടുക്കാന്‍ സി.പി.എം ശ്രമിക്കുന്നത് ശരിയല്ല. നേമം മണ്ഡലത്തില്‍ കാര്യമായ മലയിടിച്ചിലോ ഉരുള്‍പൊട്ടലോ പോലുള്ള പ്രകൃതി ദുരന്തമുണ്ടായിട്ടില്ല. എന്നാല്‍ മറ്റിടങ്ങളിലുണ്ടായ പ്രശ്‌നകാരണം നേമം മണ്ഡലത്തില്‍ പലയിടത്തും വെള്ളപ്പൊക്കമുണ്ടാകുകയും എട്ട് ദുരിതാശ്വാസക്യാംപുകള്‍ സംഘടിപ്പിക്കേണ്ടിയും വന്നു.

വെള്ളപ്പൊക്കമുണ്ടായ ആദ്യദിവസങ്ങളിലൊന്നും സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാരും സന്നദ്ധസംഘടനകളും ചേര്‍ന്നാണ് ദുരിതബാധിതരെ സഹായിച്ചത്. പിന്നീടാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്തുന്നത്. എന്നാല്‍ ഇതിനുശേഷം ദുരിതാശ്വാസക്യാംപുകള്‍ പിടിച്ചെടുക്കാനായി പാര്‍ട്ടിക്കാരുമെത്തി. ക്യാംപുകള്‍ പിടിച്ചെടുക്കുക എന്ന പുതിയൊരു രീതി ഇതിനിടയില്‍ വന്നു. ഇതൊന്നും ശരിയായ പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രളയ ദുരിതാശ്വാസമായി കേരളത്തിന് പരമാവധി സഹായം സര്‍ക്കാര്‍ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. കേരളത്തിനാവശ്യമായ സഹായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും കേന്ദ്ര വകുപ്പ് പ്രതിനിധികളും പങ്കെടുക്കുന്ന യോഗം വിളിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

പ്രളയക്കെടുതിയില്‍ കൂടുതല്‍ കേന്ദ്രസഹായം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ കൂടിക്കാഴ്ച നടത്തിയ യു.ഡി.എഫ്, എല്‍.ഡി.എഫ് എം.പിമാരോടാണ് കേന്ദ്രമന്ത്രി ഇക്കാര്യമറിയിച്ചത്. നിലവിലെ സഹായം അപര്യാപ്തമാണെന്നും പുനരധിവാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും എംപിമാര്‍ രാജ്‌നാഥ് സിംഗിനോട് ആവശ്യപ്പെട്ടു.

യുഎഇ അടക്കമുളള വിദേശ രാജ്യങ്ങളുടെ സഹായം വാങ്ങാനാകുമോയെന്നതിനെപ്പറ്റി വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തും. അധികമായി അനുവദിച്ച മണ്ണെണ്ണ, അരി എന്നിവയ്ക്ക് തുക ഈടാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യ തൊഴിലാളികള്‍ക്ക് സൗജന്യമായി കൂടുതല്‍ മണ്ണെണ്ണ നല്‍കണം. കൃഷി നാശം ഉണ്ടായവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആരോഗ്യ മേഖലയില്‍ കൂടുതല്‍ സഹായം വേണമെന്നും എംപിമാര്‍ കേന്ദ്രമന്ത്രിമാരോട് ആവശ്യപെട്ടു.