ബിജെപിയെ പുറത്താക്കിയ കാറഡുക്ക പഞ്ചായത്തില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് സഖ്യം അധികാരത്തില്‍; അനസൂയ റൈ പുതിയ പ്രസിഡന്റ്

single-img
30 August 2018

പതിനെട്ട് വര്‍ഷത്തെ ബിജെപി ഭരണത്തിന് അവിശ്വാസത്തിലൂടെ അന്ത്യം കുറിച്ച കാറഡുക്ക പഞ്ചായത്തില്‍ പുതിയ പ്രസിഡന്റായി സിപിഎം സ്വതന്ത്ര അംഗം അനസൂയ റൈ യെ തെരഞ്ഞെടുത്തു. ഇന്നു രാവിലെ 11നു നടന്ന തിരഞ്ഞെടുപ്പില്‍ എട്ടുവോട്ട് നേടിയാണ് അനസൂയ റൈ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

എതിര്‍ സ്ഥാനാര്‍ഥി ബിജെപിയിലെ ജി. സ്വപ്നയ്ക്കു ഏഴുവോട്ട് ലഭിച്ചു. പഞ്ചായത്തില്‍ പ്രസിഡന്റ് വനിതാ സംവരണമാണ്. ആറാം വാര്‍ഡില്‍ മല്ലാവാരയില്‍ സിപിഎം പിന്തുണയോടെ സ്വതന്ത്രയായി വിജയിച്ചതാണ് അനസൂയ റൈ. പതിനഞ്ച് അംഗ ഭരണസമിതിയില്‍ ബിജെപി ഏഴ്, സിപിഎം മൂന്ന്, സിപിഎം സ്വതന്ത്രര്‍ രണ്ട്, മുസ്‌ലിം ലീഗ് രണ്ട്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.

ഏറ്റവും വലിയ കക്ഷി എന്ന നിലയില്‍ ബിജെപിയാണ് കഴിഞ്ഞ രണ്ടരവര്‍ഷത്തിലേറെയായി പഞ്ചായത്ത് ഭരിച്ചിരുന്നത്. ഇവരെ അവിശ്വാസത്തിലൂടെ താഴെയിറക്കിയാണ് സഖ്യം ഭരണം പിടിച്ചെടുത്തത്. പഞ്ചായത്തിലെ പ്രധാന ടൗണായ മുള്ളേരിയയുടെ ശോചനീയാവസ്ഥയും പഞ്ചായത്തിന്റെ വികസന മുരടിപ്പുമാണ് അവിശ്വാസത്തിന് കാരണമായത്.

ആഗസ്ത് ആദ്യവാരമാണ് അവിശ്വാസ പ്രമേയത്തിലൂടെ ബിജെപി ഭരണസമിതി പുറത്തായത്. പതിമൂന്നാം വാര്‍ഡ് അംഗം സിപിഎമ്മിലെ എ വിജയകുമാര്‍ നല്‍കിയ അവിശ്വാസം പാസ്സായതോടെയാണ് പ്രസിഡന്റ് ജി സ്വപ്ന പുറത്തായത്.