രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികള്‍ക്ക് സര്‍വകാല നേട്ടം

single-img
30 August 2018

രൂപയുടെ തകർച്ചയെ തുടർന്ന് ഗൾഫ് കറൻസികൾക്ക് മികച്ച വിനിമയ മൂല്യം. ചരിത്രത്തിൽ ഇതുവരെ ലഭിക്കാത്ത ഉയർന്ന വിനിമയ മൂല്യമാണ് എല്ലാ ഗൾഫ് കറൻസികൾക്കും ലഭിക്കുന്നത്. 19.18 പൈസയാണ് ഇന്നലെ ഒരു യുഎഇ ദിര്‍ഹത്തിന് ലഭിച്ചത്. 52 ദിര്‍ഹം 14 ഫില്‍സിന് ആയിരം രൂപയാണ് നിരക്ക്. പത്തുലക്ഷത്തിലേറെ രൂപ അയക്കുന്നവര്‍ക്ക് ഇതിനെക്കാൾ മെച്ചപ്പെട്ടനിരക്കാണ് പല എക്സ്ചേഞ്ചുകളും വാഗ്ധാനം ചെയ്തത്.

രാജ്യാന്തര വിപണിയില്‍ കുവൈത്ത് ദിനാറിന് 233 രൂപ 09 പൈസയാണ് ലഭിച്ച മികച്ച നിരക്ക്. ബഹ്റൈന്‍ ദിനാറിന് 187 രൂപ 16 പൈസ, ഒമാനി റിയാല്‍ 183 രൂപ 34 പൈസ, ഖത്തര്‍ റിയാലിന് 19 രൂപ 38 പൈസ, സൗദി റിയാലിന് 18 രൂപ 82 പൈസ എന്നിങ്ങനെയാണ് നിരക്ക്. പ്രാദേശിക വിപണിയില്‍ ശരാശരി അഞ്ചും ആറും പൈസയുടെ മാര്‍ജിനെടുത്തുള്ള വ്യത്യാസത്തിലാണ് വിപണനം നടന്നത്.

മാസാവസാനം ആയതിനാല്‍ കടം വാങ്ങിയും ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പണം പിന്‍വലിച്ചും വായ്പയെടുത്തും വരെ നാട്ടിലേക്ക് പൈസ അയച്ചവരും കുറവല്ല. ഒട്ടുമിക്ക പണമിടപാട് സ്ഥാപനങ്ങളിലും വന്‍തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. നിക്ഷേപം ആഗ്രഹിച്ച് പണം അയക്കുന്നവരാണ് കൂടുതലായി എത്തിയതെന്ന് എക്സ്ചേഞ്ച് അധികൃതര്‍ അറിയിച്ചു.

ഡോളര്‍ ശക്തിപ്രാപിച്ചതും എണ്ണവില ഉയര്‍ന്നതുമാണ് കറന്‍സി വിപണിയില്‍ പ്രതിഫലിച്ചത്. നിലവിലെ സ്ഥിതി തുടർന്നാൽ രൂപയുടെ മൂല്യം ഇനിയും ഇടിയാനാണ്സാധ്യത. ഈ മാസം 13 മുതൽ തുടരുന്നതാണു രൂപയുടെ തകർച്ച. ഇതു പ്രയോജനപ്പെടുത്തി പ്രവാസി സമൂഹം വൻതോതിലാണ് നാട്ടിലേക്ക് പണം അയക്കുന്നത്.