കേരളം കേന്ദ്രത്തോട് നീതി കാട്ടുന്നില്ലെന്ന് പി.എസ്.ശ്രീധരന്‍ പിള്ള: കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത് ചിറ്റമ്മനയമെന്ന് മായാവതി

single-img
29 August 2018

പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തിനൊപ്പം നിന്ന കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് അഴിച്ചുവിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള. 15,000 കോടി രൂപയുടെ ധനസഹായം നല്‍കിയിട്ടും ഒന്നും ലഭിച്ചില്ലെന്ന് കേരളം ദുഷ്പ്രചരണം നടത്തുകയാണ്.

കേന്ദ്രത്തോട് കേരളം നീതി കാട്ടുന്നില്ലെന്നും, അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പയിയുടെ ചിതാഭസ്മ നിമജ്ജന യാത്രാ ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. അടിക്കടി വാര്‍ത്താ സമ്മേളനം നടത്തല്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനം.

അത് തങ്ങളുടെ രീതിയല്ല. സേവാഭാരതിയും ബിജെപിയും യുവമോര്‍ച്ചയും സേവനപ്രവര്‍ത്തനങ്ങളിലൂടെ ചരിത്രത്താളുകളില്‍ ഇടംപിടിച്ചിട്ടുണ്ടെന്നും പത്രവാര്‍ത്തകളില്‍ നിറയുന്നതിലും മഹത്തരമാണ് അതെന്നും അദ്ദേഹം പറഞ്ഞു. പ്രളയ ദുരിതം ആരംഭിച്ച് രണ്ടാം ദിനം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

കേരളത്തിലെത്തിയ പ്രധാനമന്ത്രിയും പ്രതികൂല കാലാവസ്ഥയെപ്പോലും അവഗണിച്ച് ദുരിതക്കെടുതിയനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ സമയം കണ്ടെത്തി. എന്നാല്‍, മലയാളിയല്ലാത്ത ഏതെങ്കിലും ഒരു കോണ്‍ഗ്രസ് ദേശീയ നേതാവ് ഇവിടേക്കെത്തിയോ എന്നും ശ്രീധരന്‍ പിള്ള ചോദിച്ചു. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമില്ലാത്ത എന്ത് തിരക്കാണ് എഐസിസി നേതാക്കള്‍ക്ക് എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിമര്‍ശനം.

അതിനിടെ, മഹാപ്രളയത്തിന്റെ കൊടിയ ദുരന്തം പേറുന്ന കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ് പി അധ്യക്ഷയുമായ മായാവതി പറഞ്ഞു. മഹാദുരന്തത്തെ അതിജീവിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്രം കരുത്ത് പകരുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.

മോദി സര്‍ക്കാര്‍ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്തെന്ന് വ്യക്തമാക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. കേരളത്തോട് ചിറ്റമ്മനയം പുലര്‍ത്തുകയാണ് കേന്ദ്രമെന്നും മായവതി കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ കണ്ണീരൊപ്പാനുള്ള ആഗോള ശ്രമങ്ങള്‍ക്ക് കരുത്ത് പകരണമെന്നും കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ഒരുമയോടെ രംഗത്തിറങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജിഎസ്ടിയില്‍ സെസ് ചുമത്താന്‍ കേരളത്തെ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.