ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡുകള്‍ സെപ്തംബര്‍ 2 മുതല്‍ വിതരണം ചെയ്യും

single-img
29 August 2018

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്കും വെള്ളം നനഞ്ഞ് കീറിപ്പോകുകയും ചെയ്തവര്‍ക്ക് സെപ്തംബര്‍ രണ്ടു മുതല്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യും. സിഡിറ്റ്, ഐടി മിഷന്‍, എന്‍ഐസി എന്നിവയുടെ നേതൃത്വത്തില്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിനുള്ള സംവിധാനം എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും ഒരുക്കും.

പ്രത്യേകം തയാറാക്കിയ അപേക്ഷാ ഫോമിനൊപ്പം സ്വന്തം നിലയിലുള്ള സത്യവാങ്ങ്മൂലവും സമര്‍പ്പിച്ചാല്‍ മതിയാകും. അപേക്ഷ ഫോമുകള്‍ എല്ലാ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാകും. കൂടാതെ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.

അപേക്ഷ ലഭിച്ച് മൂന്നു ദിവസത്തിനകം ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്ത് നല്‍കും. ഇത്തരത്തില്‍ വിതരണം ചെയ്യുന്ന കാര്‍ഡുകളില്‍ 2018 ജൂലൈ ഓഗസ്റ്റ് മാസത്തിലെ പ്രളയത്തോടനുബന്ധിച്ച് വിതരണം ചെയ്തത് എന്ന് സീല്‍ ചെയ്തിരിക്കും.

കൂടാതെ ഉപയോഗശൂന്യമായ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കണം. പഞ്ചായത്ത് തലത്തിലോ താലൂക്ക് അടിസ്ഥാനത്തിലോ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ജില്ല സപ്ലൈ ഓഫീസര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് അവശ്യരേഖയായതിനാലാണ് കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ കാര്‍ഡ് ലഭ്യമാക്കുന്നത്. നേരത്തേ ലഭിച്ചിട്ടുള്ള റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് മാത്രമാണ് ലഭിക്കുക. കാര്‍ഡിന്മേലുള്ള പരാതികള്‍, തിരുത്തലുകള്‍ എന്നിവ ഇപ്പോള്‍ അനുവദിക്കില്ല.