ജാതി മത സംഘടനകളുമായി ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ വേണ്ടെന്ന നിലപാടുമായി രജനീകാന്ത്

single-img
29 August 2018

മത, ജാതി സംഘടനകളുമായി ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ വേണ്ടെന്ന നിലപാടുമായി തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. ആരാധകരുടെ സംഘടനയായ രജനി മക്കള്‍ മണ്‍ട്രം പ്രവര്‍ത്തകര്‍ക്കുള്ള ബുക്ക്‌ലെറ്റിലാണ് രജനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുമ്പായാണ് രജനീകാന്ത് പുതിയ ബുക്ക്‌ലെറ്റ് പുറത്തിറക്കിയത്. പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ 18 വയസ് പൂര്‍ത്തിയായിരിക്കണം. കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രമേ അംഗത്വം ലഭിക്കു. യുവജനവിഭാഗത്തില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി 35 വയസാണ്.

പാര്‍ട്ടി പതാക ആവശ്യമില്ലാതെ ഉപയോഗിക്കരുത്. പാര്‍ട്ടിയുടെ അനുമതിയില്ലാതെ പണം പിരിക്കരുതെന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് രജനീകാന്ത് നല്‍കിയിരിക്കുന്നത്. അതേസമയം, രാഷ്ട്രീയത്തിലിറങ്ങുമെന്ന് രജനീകാന്ത് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയായിട്ടും പാര്‍ട്ടി പ്രഖ്യാപനം നടത്തിയിട്ടില്ല.