എണ്ണക്കമ്പനികളുടെ പകല്‍ക്കൊള്ള ചോദ്യം ചെയ്യാന്‍ ആരുമില്ല; തുടര്‍ച്ചയായി ഒന്‍പതാം ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടി

single-img
29 August 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. തുടര്‍ച്ചയായി ഒന്‍പതാം ദിവസമാണ് പെട്രോളിന് വില വര്‍ധിക്കുന്നത്. പെട്രോളിന് തിരുവനന്തപുരത്ത് ഇന്ന് 14 പൈസ വര്‍ധിച്ച് 81.45 രൂപയായി. ഡീസലിന് 15 പൈസ വര്‍ധിച്ച് 74.74 രൂപയായി. ഒന്‍പത് ദിവസത്തിനിടെ പെട്രോളിന് 1.01 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് എട്ട് ദിവസത്തിനിടെ 94 പൈസയാണ് വര്‍ധിച്ചത്.

അതേസമയം രാജ്യാന്തര വിപണിയില്‍ എണ്ണ വില രണ്ടു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഉയരുന്നു. ഇന്നലെ ബ്രെന്റ് ക്രൂഡ് വില 76.84 ഡോളര്‍. ജൂലൈ 11നു ശേഷമുള്ള ഉയര്‍ന്ന വിലയാണിത്. ലഭ്യത കുറയുകയും ആവശ്യമുയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭാവിയില്‍ എണ്ണ വില വര്‍ധിക്കുമെന്നാണു വിലയിരുത്തല്‍.

രൂപയുടെ മൂല്യം ഇടിയുന്നതിനിടയ്ക്കുള്ള വിലവര്‍ധന ഇന്ത്യയ്ക്ക് അനുകൂലമല്ല. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരെയുള്ള യുഎസ് നീക്കവും പ്രതികൂലമാകും. യുഎസ്–ചൈന വ്യാപാര തര്‍ക്കത്തെ തുടര്‍ന്നു ജൂലൈയില്‍ രാജ്യാന്തര വിപണിയില്‍ എണ്ണ വില താഴ്ന്നിരുന്നു.

കൂടുതല്‍ എണ്ണ സംഭരിക്കുന്നതില്‍ നിന്നു ചൈനീസ് റിഫൈനറികള്‍ ജൂലൈയില്‍ പിന്‍മാറുകയും ചെയ്തു. എന്നാല്‍, ഓഗസ്റ്റില്‍ ചൈനീസ് റിഫൈനറികള്‍ എണ്ണ ഇറക്കുമതി 40% വര്‍ധിപ്പിച്ചു. ചൈനയില്‍ നിന്ന് ആവശ്യം വര്‍ധിച്ചതിനൊപ്പം ഇറാനില്‍ നിന്നുള്ള കയറ്റുമതി ഇടിയുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധി മൂലം വെനസ്വേലയില്‍ നിന്നുള്ള എണ്ണ ഉല്‍പാദനവും പകുതിയോളമായി കുറഞ്ഞിട്ടുണ്ട്.