മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം പരാജയം: അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍ബിഐ

single-img
29 August 2018

നരേന്ദ്ര മോദി സര്‍ക്കാര്‍ അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. 15.41 ലക്ഷം കോടിയുടെ 1000, 500 രൂപ നോട്ടുകളാണ് 2016 നവംബര്‍ എട്ടിന് മോദി സര്‍ക്കാര്‍ നിരോധിച്ചത്. ഇതില്‍ 15.31 ലക്ഷം കോടി നോട്ടുകള്‍ തിരിച്ചെത്തി.

ഫലത്തില്‍ തിരിച്ചെത്താതിരുന്നത് ഏകദേശം 10,000 കോടി രൂപ (10720 കോടി) രൂപ മാത്രം. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അതിവേഗ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആര്‍ബിഐ തിരിച്ചെത്തിയ നോട്ടുകള്‍ എത്രയെന്ന് സ്ഥിരീകരിച്ചത്.

ഹൈ സ്പീഡ് കറന്‍സി വെരിഫിക്കേഷന്‍ ആന്റ് പ്രൊസസിങ് സിസ്റ്റ(സിവിപിഎസ്)മാണ് നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്താന്‍ പ്രയോജനപ്പെടുത്തിയത്. പിന്‍വലിച്ച അത്രയുംതന്നെ മൂല്യമുള്ള പുതിയ നോട്ടുകള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നോട്ട് അസാധുവാക്കിയതിനെതുടര്‍ന്ന് 8000 കോടി രൂപയാണ് പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കിയത്. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ രണ്ടിരട്ടിയാണിത്. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെ 4,912 കോടി രൂപയാണ് പുതിയ നോട്ടിനായി ചെലവിട്ടത്.

വിവിധ ബാങ്കുകള്‍ വഴി ശേഖരിച്ച പണം എണ്ണിത്തിട്ടപ്പെടുത്തുകയെന്ന ബൃഹത്തായ ശ്രമം അവസാനിച്ചതായും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ലഭിച്ച നോട്ടുകളെല്ലാം നശിപ്പിക്കുകയും ചെയ്തു. പിന്‍വലിച്ച നോട്ടുകളുടെ കണക്കുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നോട്ടുകള്‍ എണ്ണിതീര്‍ന്നിട്ടില്ലെന്നായിരുന്നു ഇതുവരെയുള്ള റിസര്‍വ് ബാങ്കിന്റെ മറുപടി. നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും തീരുമാനം പരാജയമായിരുന്നുവെന്ന ആരോപണത്തിന് കരുത്ത് പകരുന്നതാണ് പുതിയ കണക്കുകള്‍.