നെടുമ്പാശേരിയില്‍ വീണ്ടും വിമാനമിറങ്ങി

single-img
29 August 2018

രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം തുറന്നു. ബംഗളരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ഇറങ്ങിയത്. ഇതുള്‍പ്പെടെ 32 വിമാനങ്ങളാണ് ഇന്ന് നെടുമ്പാശേരിയില്‍ വന്നുപോകുക.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കത്തില്‍നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്‌സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, ഇത്തിഹാദിന്റെ അബുദാബി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ വിമാനങ്ങളുമെത്തി മടങ്ങുന്നുണ്ട്.

ബാക്കി എല്ലാം ആഭ്യന്തര സര്‍വീസുകളാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ കഴിയുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ അറിയിച്ചു. കഴിഞ്ഞ 15നാണു വിമാനത്താവളം അടച്ചത്.

വിമാനത്താവളത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റുമതിലില്‍ രണ്ടര കിലോമീറ്റര്‍ തകര്‍ന്നു. പാര്‍ക്കിങ് ബേ, ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. റണ്‍വേയില്‍ ചെളി അടിഞ്ഞുകൂടി. ഏതാണ്ട് 300 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.