ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമമെന്ന് ആരോപണം

single-img
29 August 2018

കുറവിലങ്ങാട്: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി പരാതി. മഠത്തിലെ ജോലിക്കാരനായ അസം സ്വദേശിയെ ഉപയോഗിച്ച് കന്യാസ്ത്രീയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പരാതി.

ഇതുസംബന്ധിച്ച് കന്യാസ്ത്രീ കോട്ടയം കുറുവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കന്യാസ്ത്രീകള്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് അഴിച്ചുമാറ്റി അവരെ അപായപ്പെടുത്താന്‍ അസം സ്വദേശി പിന്റുവിന് ബിഷപ്പിന്റെ അനുയായിയുടെ ബന്ധു നിര്‍ദേശം നല്‍കിയിരുന്നതായാണ് പരാതി.

അന്യസംസ്ഥാനതൊഴിലാളിയെ ഫോണില്‍ വിളിച്ചാണ് വിവരങ്ങള്‍ തേടിയതെന്നാണ് പരാതിയില്‍ പറയുന്നതെങ്കിലും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ കൈമാറിയിട്ടില്ല. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷമേ ഇതേക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയില്‍ പരാമര്‍ശിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയായ പിന്റുവിന്റെ മൊഴിയെടുക്കാനായി കുറുവിലങ്ങാട് പൊലീസ് ഇന്ന് തന്നെ മഠത്തിലെത്തും. പുതിയ പരാതി കൂടി വന്നതോടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ കേസായി ഇത് മാറുകയാണ്.

നേരത്തെ കന്യാസ്ത്രീയെ പീഡിപ്പിച്ചതിനും ഇവരുടെ സഹോദരനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേസെടുത്തിരുന്നു. ഈ പരാതികളില്‍ അന്വേഷണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് പുതിയ പരാതി വരുന്നത്.