സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിനായി ലോകബാങ്കില്‍ നിന്ന് വായ്പയെടുക്കാനൊരുങ്ങി സര്‍ക്കാര്‍: ലോക ബാങ്ക് പ്രതിനിധി സംഘം നാളെ കേരളത്തിലെത്തും

single-img
28 August 2018

തിരുവനന്തപുരം: പ്രളയം നാശംവിതച്ച സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിനായി ലോകബാങ്കില്‍ നിന്ന് വായ്പയെടുക്കാനൊരുങ്ങി സര്‍ക്കാര്‍. 3000 കോടി രൂപയുടെ വായ്പ കുറഞ്ഞ പലിശ നിരക്കില്‍ വാങ്ങാനാണ് നീക്കം. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാരുമായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കേരളത്തെ പുനര്‍ സൃഷ്ടിക്കാനായി ധാരാളം പണം അനിവാര്യമാണെന്നും ലോക ബാങ്കിതെ സഹായം കൂടി ലഭിച്ചാല്‍ മാത്രമേ കേരളത്തെ പുനര്‍ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളുവെന്നും ധനവകുപ്പ് വ്യക്തമാക്കി.

ലോക ബാങ്കിന്റെ സഹായം കേരളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി ടോം ജോസും വ്യക്തമാക്കി. പ്രാഥമിക ചര്‍ച്ചക്കായി ലോകബാങ്ക് പ്രതിനിധികള്‍ നാളെ കേരളത്തിലെത്തും. നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം തുകയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്താനാണ് നീക്കം.

അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മ്മാണം ചൂണ്ടിക്കാട്ടിയാവും വായ്പ ആവശ്യപ്പെടുക. 20,000 കോടിയോളം ഇതിന് ചിലവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തെ സഹായിക്കാന്‍ ലോകബാങ്ക് നേരത്തെതന്നെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

അതിനാല്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. യു.എ.ഇയില്‍ നിന്നുള്ള 700 കോടി രൂപ അടക്കമുള്ള വിദേശ സഹായം കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചതിന് പിന്നാലെയാണ് കേരളം വിവിധ ഏജന്‍സികളെ സമീപിക്കുന്നത്. ഫെഡറല്‍ തത്വമനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് രാജ്യാന്തര വായ്പകളെടുക്കാന്‍ അവകാശമുണ്ട്.