കേരളത്തിന് സഹായം നല്‍കരുതെന്ന് ആഹ്വാനം ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകന്‍ സുരേഷ് കൊച്ചാട്ടിലിന് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

single-img
28 August 2018

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായങ്ങള്‍ ചെയ്യരുതെന്ന് സോഷ്യല്‍മീഡിയയിലൂടെ ആഹ്വാനം ചെയ്ത സുരേഷ് കൊച്ചാട്ടില്‍ പൊലീസ് സുരക്ഷ തേടി സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ സുരേഷിന് സുരക്ഷ നല്‍കാന്‍ നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.

കേരളത്തിന് എതിരായ ആഹ്വാനത്തിന് ശേഷം തനിക്ക് നിരവധി ഭീഷണികള്‍ വരുന്നുണ്ടെന്നും തനിക്കും തെലങ്കാനയിലുള്ള തന്റെ കുടുംബത്തിനും സുരക്ഷനല്‍കണമെന്നും ആവശ്യപ്പെട്ടാണ് സുരേഷ് കൊച്ചാട്ടില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയാണ് സുപ്രീംകോടതി തുടര്‍ നടപടികള്‍ സ്വീകരിക്കാതെ തള്ളിയിരിക്കുന്നത്.

പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിലെ ജനങ്ങള്‍ക്ക് ധനസഹായമോ മറ്റ് അവശ്യവസ്തുക്കളോ ആരും നല്‍കേണ്ടതില്ലെന്നും ഇവിടെയുള്ളവര്‍ എല്ലാം ധനവാന്മാരാണെന്നും ഇയാള്‍ നവമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുകയായിരുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സോഷ്യല്‍ മീഡിയ പ്രചാരക സംഘത്തിലെ പ്രധാനിയായിരുന്നു സുരേഷ്.

കേരളത്തെ സഹായിക്കരുതെന്ന ആഹ്വാനത്തിന് പിന്നാലെ സുരേഷിനെതിരേ വ്യാപക വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തുവന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് ശേഷവും താന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന പ്രതികരണമാണ് ഇയാള്‍ നടത്തിയത്.