ഒടുവില്‍ സ്റ്റാലിന്‍ ഡിഎംകെ പ്രസിഡന്റായി

single-img
28 August 2018

എം.കെ സ്റ്റാലിനെ ഡിഎംകെയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. ചെന്നൈ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം. 49 വര്‍ഷത്തിന് ശേഷമാണ് ഡിഎംകെക്ക് പുതിയ അധ്യക്ഷനെത്തുന്നത്. കരുണാനിധി അന്തരിച്ചതിനെ തുടര്‍ന്നാണ് മകനും ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റുമായ സ്റ്റാലിന്‍ ചുമതലയേറ്റത്.

പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്റ്റാലിനല്ലാതെ മറ്റാരും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നില്ല. പത്രികകളില്‍ ഡി.എം.കെ.യുടെ 65 ജില്ലാസെക്രട്ടറിമാര്‍ നിര്‍ദേശകരായി ഒപ്പുവെച്ചിരുന്നു. മറ്റുനടപടിക്രമങ്ങളില്ലാതെ തന്നെ സ്റ്റാലിന്‍ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാല്‍ കരുണാനിധി പൂര്‍ണ വിശ്രമത്തിലായതിനെത്തുടര്‍ന്ന് 2017 ജനുവരിയിലാണ് സ്റ്റാലിന്‍ വര്‍ക്കിങ് പ്രസിഡന്റായി ചുമതലയേറ്റത്. ഡി.എം.കെ.യുടെ നേതൃസ്ഥാനം കരുണാനിധി സ്റ്റാലിനെ ഏല്‍പ്പിക്കുകയായിരുന്നു. അന്ന് പാര്‍ട്ടി ഖജാന്‍ജിയായിരുന്നു സ്റ്റാലിന്‍.

വര്‍ക്കിങ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും ഖജാന്‍ജിയായി തുടരുകയും ചെയ്തു. പുതിയപദവി ഏറ്റെടുക്കുന്നതോടെ സ്റ്റാലിനുമേല്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുകയാണ്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പുമാണ് സ്റ്റാലിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

സ്വന്തം സഹോദരനും മുന്‍ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരിയാണ് സ്റ്റാലിന്റെ മുന്നോട്ടുള്ള പോക്കില്‍ മുഖ്യ എതിരാളി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് 2014ലാണ് തെക്കന്‍ തമിഴ്‌നാട്ടിലെ ശക്തികേന്ദ്രമായ അഴഗിരിയെ ഡി.എം.കെ.യില്‍നിന്ന് പുറത്താക്കിയത്.

കരുണാനിധിയുടെ മരണവേളയില്‍ സദാസമയവും ഒപ്പമുണ്ടായിരുന്ന അഴഗിരി തുടര്‍ന്ന് വീണ്ടും സ്റ്റാലിനുമായി കൊമ്പുകോര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. ഖജാന്‍ജിസ്ഥാനത്തേക്ക് നിയമിതനാകുന്ന ദുരൈമുരുഗന്‍ നിലവില്‍ പാര്‍ട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. അദ്ദേഹം ഖജാന്‍ജിയാകുന്നതോടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ ഒഴിവുവരും. എന്നാല്‍, ഉടന്‍ നിയമനമുണ്ടാകില്ലെന്നാണറിയുന്നത്.