പതിനായിരങ്ങള്‍ കൈകോര്‍ത്തു; കുട്ടനാട്ടില്‍ മഹാശുചീകരണം തുടങ്ങി: ചെങ്ങന്നൂരിലെ ക്യാംപുകളില്‍ ആശ്വാസവുമായി രാഹുല്‍ ഗാന്ധി എത്തി

single-img
28 August 2018

പതിനായിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മഹാശുചീകരണത്തിന് കുട്ടനാട്ടില്‍ തുടക്കമായി. പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായ ഒന്നര ലക്ഷം ആളുകളെ മൂന്ന് ദിവസം കൊണ്ട് പുനരധിവസിപ്പിക്കുക എന്ന ദൗത്യവുമായാണ് ശുചീകരണം ആരംഭിച്ചിരിക്കുന്നത്.

ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കൈനകരിയില്‍ കര്‍ഷകത്തൊഴിലാളിയുടെ വീട് ശുചീകരിച്ചുകൊണ്ട് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. മൂന്ന് ദിവസം കൊണ്ട് പ്രളയത്തിലകപ്പെട്ട വീടുകളും പരിസരവും വൃത്തിയാക്കിയും അറ്റകുറ്റപ്പണികള്‍ നടത്തിയും മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ യജ്ഞമാണിത്.

കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളിലെ 178 വാര്‍ഡുകളിലാണ് ശൂചീകരണം നടത്തുന്നത്. അഞ്ഞൂറിലധികം വള്ളങ്ങളും ഹൗസ് ബോട്ടുകളും ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിലുമായാണ് ശുചീകരണ സേനാംഗങ്ങളെ രാവിലെ മുതല്‍ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചത്.

ശുചിയാക്കല്‍ പരിപാടികള്‍ നിയന്ത്രിക്കുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ശുചീകരണമാരംഭിച്ച 22 പഞ്ചായത്തുകളിലായുള്ള 178 വാര്‍ഡുകളിലും 178 ഭക്ഷണ കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. ശുചീകരണത്തിന് വരുന്നവര്‍ക്ക് ഉള്‍പ്പടെ ഇവിടെ ഭക്ഷണം നല്‍കാന്‍ എല്ലാ സൗകര്യവും ചെയ്തിട്ടുണ്ട്.

ഓരോ വാര്‍ഡിലും 500 ബോട്ടില്‍ വീതം വെള്ളക്കുപ്പികള്‍ വിതരണം ചെയ്യും. 178 വാര്‍ഡുകളിലും സുസജ്ജമായ ചികില്‍സ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനു പുറമേ ബോട്ടുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ പട്രോളിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ട്.

അതേസമയം, പ്രളയബാധിത പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം ആരംഭിച്ചു. രാവിലെ എട്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഹുല്‍ അവിടെനിന്ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗമാണ് ചെങ്ങന്നൂരെത്തിയത്.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ ദുരിതാശ്വാസ ക്യാംപിലാണ് അദ്ദേഹം ആദ്യമെത്തിയത്. ഇവിടെ ഇപ്പോള്‍ ഇരുന്നൂറോളം ആളുകളുണ്ട്. ബാക്കിയുള്ളവര്‍ വീട് വൃത്തിയാക്കാനും മറ്റുമായി പോയി. ക്യാംപിലുള്ളവരുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും രാഹുല്‍ കേട്ടു. തുടര്‍ന്ന് ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജിലെ ക്യാംപിലേക്ക് അദ്ദേഹം പോയി. അതിനുശേഷം ഇടനാട് തകര്‍ന്ന വീടുകള്‍ കാണാന്‍ രാഹുല്‍ എത്തും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍, കെ.സി. വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, പി.ജെ. കുര്യന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ രാഹുലിനെ അനുഗമിക്കുന്നുണ്ട്.