പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി

single-img
28 August 2018

പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്നു കൂട്ടിയത്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ പെട്രോള്‍ വില 81 രൂപയ്ക്കു മുകളിലെത്തി. ഈ ജില്ലകളില്‍ ഡീസല്‍വില 74 രൂപയ്ക്ക് മുകളിലുമായി.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതാണു ഇന്ധനവില കൂടാന്‍ കാരണം. ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 79 ഡോളറിലെത്തി. രൂപയുടെ മൂല്യം ഇടിയുന്നതിനാല്‍ ഇറക്കുമതിച്ചെലവേറുന്നതും ഇന്ധനവില വര്‍ധനയ്ക്കു കാരണമാകുന്നുണ്ട്.

കഴിഞ്ഞ നാലു ദിവസവും വില ഉയര്‍ന്നു. 26 നു പെട്രോള്‍ വില 11 പൈസയും ഡീസല്‍ വില 14 പൈസയും കൂടി. ഈ മാസം ആദ്യ ആഴ്ചയില്‍ ഡീസല്‍ വിലയില്‍ 78 പൈസ കൂടിയിരുന്നു. 68 പൈസ പെട്രോള്‍ വിലയും ഉയര്‍ന്നു. ജൂലൈയില്‍ ഡീസല്‍വില 50 പൈസയാണ് ഉയര്‍ന്നതെങ്കില്‍ ഈ മാസം രണ്ടര രൂപയോളം വര്‍ധിച്ചു.

പെട്രോള്‍ വിലയിലും രണ്ടു രൂപയുടെ വര്‍ധന ഓഗസ്റ്റില്‍ ഇതുവരെയുണ്ട്. പ്രളയ ദിനങ്ങളിലും വില നേരിയ തോതില്‍ വര്‍ധിച്ചിരുന്നു. ഓഗസ്റ്റില്‍ ഇതുവരെ, ഒരു പൈസയുടെ കുറവുപോലും ഇന്ധന വിലയില്‍ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ധനവില ഏറ്റവും കുറവുള്ള ഡല്‍ഹിയില്‍ ഇന്നലെ പെട്രോള്‍, ഡീസല്‍ വിലകള്‍ റെക്കോര്‍ഡിലെത്തിയിരുന്നു.