കേരളത്തെ സഹായിക്കാനിറങ്ങിയ മണിക് സര്‍ക്കാരിനെ പിടിച്ചുപറിക്കാരനായി ചിത്രീകരിച്ച് സംഘപരിവാര്‍ പ്രചരണം: ഒരാള്‍ക്കെതിരെ കേസെടുത്തു

single-img
28 August 2018

പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാന്‍ ഫണ്ട് പിരിവിനിറങ്ങിയ ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ പിടിച്ചുപറിക്കാരനായി ചിത്രീകരിച്ച് സംഘപരിവാര്‍ പ്രചരണം. ഫണ്ട് സ്വരൂപിക്കാന്‍ ഇറങ്ങിയ മണിക് സര്‍ക്കാരിന്റെ ചിത്രം റോസ് വാലി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം കുണ്ടിന്റെ ചിത്രത്തോടൊപ്പം ചേര്‍ത്ത് വെച്ച് എഡിറ്റ് ചെയ്ത ശേഷം അഗര്‍ത്തലയിലെ രണ്ട് കള്ളന്‍മാര്‍ തെരുവില്‍ യാചകരെപ്പോലെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രത്തിന്റെ അടിക്കുറിപ്പ്.

സംഭവത്തില്‍ ത്രിപുര സിപിഎം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതായും സിപിഎം പറഞ്ഞു. അനുപം പോള്‍ എന്നയാളാണ് അപകീര്‍ത്തികരമായ പോസ്റ്റ് ഫേസ്ബുക്കിലിട്ടത്.

അഭിഭാഷകനായ കൗശിക് റോയ് ദേബര്‍മ്മ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതോടെ പൊലീസ് കേസെടുത്തു. അതേസമയം സിപിഎം പറയുന്നത് കള്ളമാണെന്നും ആറായിരം കോടിരൂപ കേരളത്തിനായി നല്‍കി എന്നുമാണ് ബിജെപി നേതൃത്വത്തിന്റെ ന്യായീകരണം.