പ്രളയക്കെടുതിയിലും ഓണക്കാലത്ത് മലയാളി കുടിച്ചത് 516 കോടിയുടെ മദ്യം

single-img
28 August 2018

തിരുവനന്തപുരം: പ്രളയകാലത്തെ തിരിച്ചടിക്കു ശേഷം ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന വീണ്ടും സജീവമായി. ഓണത്തിന് മലയാളി കുടിച്ചത് 516 കോടിയുടെ മദ്യമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. പ്രളയത്തിനും ഓണത്തിനുമിടയിലെ 10 ദിവസങ്ങളിലാണ് ഇത്രയും മദ്യം ചെലവായത്.

ബാറുകളിലെയും കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പന കൂടാതെയുമുള്ള തുകയാണിത്. തിരുവോണത്തിന് ബെവ്‌കോ ഷോപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഉത്രാടത്തിന് മാത്രം കേരളം വാങ്ങിയത് 88 കോടി രൂപയുടെ മദ്യമാണ്. പ്രതിദിന വില്‍പ്പനയുടെ കാര്യത്തില്‍ ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്.

ജീവനക്കാരുടെ ആവശ്യത്തെത്തുടര്‍ന്ന് ഇത്തവണ തിരുവോണത്തിന് ബിവറേജസ് കോര്‍പ്പറേഷന് അവധി പ്രഖ്യാപിച്ചിരുന്നു. ഇത് കണ്ടറിഞ്ഞ് ആവശ്യക്കാര്‍ ഉത്രാടത്തിന് തന്നെ മദ്യം വാങ്ങി അവധി ദിനങ്ങളിലേക്ക് കരുതി വച്ചു. ഇതാണ് ഇത്രാടദിനത്തിലെ റെക്കോഡ് വില്‍പ്പനക്ക് വഴി വച്ചത്.

88 കോടി രൂപയുടെ മദ്യം വെള്ളിയാഴ്ച വിറ്റപ്പോള്‍ തിരുവോണ അവധി കഴിഞ്ഞുള്ള തൊട്ടടുത്ത ദിവസം, അതായത് അവിട്ട ദിനത്തില്‍ 58 കോടി രൂപയുടെ മദ്യം വിറ്റു. ഇരിഞ്ഞാലക്കുടയിലെ ഔട്ട്‌ലെറ്റില്‍ മാത്രം ഉത്രാടദിനത്തില്‍ 1.22 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

മുന്‍വര്‍ഷം തിരുവോണദിവസം ഉള്‍പ്പെടെ 533 കോടിയുടെ മദ്യമായിരുന്നു ബിവേറജസിന്റെ വില്‍പനകേന്ദ്രങ്ങള്‍ വഴി വിറ്റത്. ഉത്രാടദിനത്തില്‍ 88 കോടിയുടെയും അവിട്ടം ദിനത്തില്‍ 59 കോടിയുടെയും മദ്യം വിറ്റു. മുന്‍ വര്‍ഷത്തെക്കാള്‍ വില്‍പനയില്‍ 17 കോടിയുടെ കുറവാണ് ഇത്തവണ ഉണ്ടായത്.