‘ചില ഭരണാധികാരികള്‍ ജനങ്ങളെ യാചകരാക്കി തങ്ങളുടെ വാതില്‍ക്കലും മേശക്കരികിലും എത്തിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു’; ദുബായ് ഭരണാധികാരിയുടെ ട്വീറ്റ് മോദിയെ ഉന്നംവെച്ച്?

single-img
27 August 2018

രണ്ടു തരത്തിലുള്ള ഭരണാധികാരികളെക്കുറിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റ് വൈറലാകുന്നു. കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് വിവാദമായതിന് പിന്നാലെ വന്ന ട്വീറ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. ദുബൈ ഭരണാധികാരിയുടെ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടിയാണെന്നാണ് മലയാളികള്‍ പറയുന്നത്. ട്വീറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

രണ്ടുതരം ഭരണാധികാരികളെക്കുറിച്ചാണ് ട്വീറ്റില്‍ പറയുന്നത്. ഒന്നാമത്തെ കൂട്ടര്‍ നന്മയുടെ ഭരണാധികാരികളാണെന്നും രണ്ടാമത്തെ കൂട്ടര്‍ എളുപ്പമുള്ളതും കഠിനമാക്കുന്നവരാണെന്നും ട്വീറ്റില്‍ പറയുന്നു. ‘ഭരണാധികാരികള്‍ രണ്ടു വിധത്തിലാണ്. നന്മയുടെ താക്കോലാണു ചില ഭരണാധികാരികള്‍.

ജനങ്ങളെ സേവിക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നു. ചുറ്റുമുള്ളവരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിലാണ് അവരുടെ സന്തോഷം. വീണ്ടും വീണ്ടും നല്‍കുന്നതിലാണ് അവര്‍ മൂല്യം കണ്ടെത്തുന്നത്’. മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതാണ് അവര്‍ ജീവിത നേട്ടമായി പരിഗണിക്കുന്നത്.

അവര്‍ വാതിലുകള്‍ തുറക്കും, പ്രശ്‌നപരിഹാരം നല്‍കും, അവര്‍ എല്ലായ്‌പ്പോഴും ജനങ്ങളുടെ നന്മ അന്വേഷിച്ചു കൊണ്ടിരിക്കുമെന്നും അദ്ദേഹം പറയുന്നു. ‘രണ്ടാമത്തെ കൂട്ടര്‍ എളുപ്പമുള്ളതും കഠിനമാക്കും. എല്ലാത്തിനെയും വിലകുറച്ച് കാണും.

ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നതാകും അവരുടെ നിര്‍ദ്ദേശങ്ങള്‍. ജനങ്ങളെ യാചകരാക്കി തങ്ങളുടെ വാതില്‍ക്കലും മേശക്കരികിലും എത്തിക്കുന്നതില്‍ അവര്‍ ആനന്ദം കണ്ടെത്തും. രണ്ടാമത്തെ വിഭാഗത്തെ മറികടക്കാന്‍ ഇച്ഛാശക്തിയുള്ള ഒന്നാമത്തെ കൂട്ടര്‍ ഭരിക്കുന്ന രാജ്യവും ഭരണവും മാത്രമേ വിജയിക്കൂ’. ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.