അമിത് ഷായുടെ സുരക്ഷക്ക് ചെലവാക്കുന്ന പണത്തിന്റെ കണക്ക് പുറത്ത് വിടാനാകില്ലെന്ന് ദേശീയ വിവരാവകാശ കമ്മീഷന്‍

single-img
27 August 2018

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് നല്‍കുന്ന സുരക്ഷ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. വ്യക്തിവിവരങ്ങളും സുരക്ഷ സംബന്ധിച്ച വിവരങ്ങളും നല്‍കേണ്ടതില്ലെന്ന പഴുത് ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയ്ക്ക് അധികൃതര്‍ ഇത്തരത്തിലുള്ള മറുപടി നല്‍കിയത്.

സ്വകാര്യ വ്യക്തികള്‍ക്ക് സുരക്ഷ നല്‍കുന്നത് സംബന്ധിച്ച വിവരങ്ങളും അപേക്ഷയില്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇതും നല്‍കാന്‍ കഴിയില്ലെന്ന് വിവരാവകാശ കമീഷന്‍ നിലപാടെടുത്തു. ദീപക് ജുന്‍ജ എന്ന വ്യക്തി 2014 ജൂലൈ അഞ്ചിനാണ് ഇതുസംബന്ധിച്ച്
കമ്മീഷന് അപേക്ഷ നല്‍കിയത്.

അന്ന് അമിത് ഷാ ബി.ജെ.പിയുടെ രാജ്യസഭ അംഗമായിരുന്നില്ല. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന നിലപാട് ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നിലപാടിനെതിരെ ദീപക് ജുന്‍ജ നല്‍കിയ അപ്പീലിലാണ് കമ്മീഷന്റെ തീരുമാനം പുറത്ത് വന്നിരിക്കുന്നത്.

വിവരാവകാശ നിയമത്തിലെ 8 (1)(ജി) വകുപ്പ് ചൂണ്ടിക്കാട്ടി വിവരങ്ങള്‍ നല്‍കാനാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. വ്യക്തിയുടെ ജീവന് സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന വിവരങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ളതാണ് ഈ വകുപ്പ്.

വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന വിവരങ്ങളെ നിയമത്തില്‍നിന്ന് ഒഴിവാക്കുന്ന 8(1)(ജെ) വകുപ്പും വിവരങ്ങള്‍ നല്‍കാത്തതിന് സാധൂകരണമായി ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. അമിത് ഷായുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ എത്ര തുക ചിലവഴിക്കുന്നുണ്ടെന്നും, സ്വകാര്യ വ്യക്തിക്ക് സുരക്ഷയൊരുക്കുന്നതും അതിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കുന്നതും ഏത് നിയമപ്രകാരമാണെന്നും വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ചോദിച്ചിരുന്നു.

സര്‍ക്കാര്‍ ഏതൊക്കെ സ്വകാര്യ വ്യക്തികള്‍ക്ക് സുരക്ഷയൊരുക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന പട്ടിക നല്‍കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. പൊതു ഖജനാവില്‍നിന്നുള്ള പണം ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള ഭരണഘടനാ പദവി വഹിക്കാത്ത വ്യക്തിക്ക് സെഡ്പ്ലസ് വിഭാഗത്തിലുള്ള സുരക്ഷയാണ് നല്‍കുന്നതെന്നും ഇതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതാണെന്നും ദീപക് ജുനേജ വാദിച്ചു.

എന്നാല്‍, ഒരു സ്വകാര്യ വ്യക്തിയുടെ പൊതു ഔന്നത്യവും അവര്‍ നേരിടുന്ന ഭീഷണിയുടെ തീവ്രതയും അയാള്‍ക്കുണ്ടാകാവുന്ന അപകട സാധ്യതകളും കണക്കിലെടുത്താണ് ഒരാള്‍ക്ക് സുരക്ഷ നല്‍കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുന്നതെന്ന് കേന്ദ്ര വിവര കമ്മീഷണര്‍ യശോവര്‍ധന്‍ ആസാദ് വ്യക്തമാക്കി.