ആര്‍.എസ്.എസ് പരിപാടിയിലേക്ക് രാഹുല്‍ ഗാന്ധിക്കും ക്ഷണം

single-img
27 August 2018

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ആര്‍.എസ്.എസ് പരിപാടിയിലേക്ക് ക്ഷണം. സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് സംഘടനയുടെ കടുത്ത വിമര്‍ശകനായ രാഹുലിനെ ആര്‍.എസ്.എസ് നേതൃത്വം ക്ഷണിച്ചത്.

സെപ്റ്റംബര്‍ 17 നും 19 നും ഇടെ നടക്കുന്ന പരിപാടിയില്‍ രാഹുലിനെക്കൂടാതെ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചേക്കുമെന്നാണ് സൂചന. ആര്‍എസ്എസ് സംഘടിപ്പിക്കുന്ന പരിപാടി ‘ഭാവിയിലെ ഇന്ത്യ’ എന്ന വിഷയത്തിലുള്ളതാണ്. ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത് കോണ്‍ഗ്രസില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍.എസ്.എസിനെതിരെ നിരന്തരം രൂക്ഷ വിമര്‍ശം ഉന്നയിക്കുന്ന രാഹുലിനെയും അവര്‍ ചടങ്ങിലേക്ക് ക്ഷണിച്ചത്.