പ്രളയ ദുരിതത്തില്‍ നട്ടംതിരിയുന്ന മലയാളികള്‍ക്ക് എണ്ണക്കമ്പനികളുടെ വക ഇരുട്ടടി: കഴിഞ്ഞ ഒന്നര ആഴ്ച്ചയ്ക്കിടെ കൂട്ടിയത് രണ്ട് രൂപ

single-img
27 August 2018

പ്രളയക്കെടുതിയുടെ ദുരിതങ്ങളില്‍ നട്ടംതിരിയുന്ന മലയാളികളെ വീണ്ടും ദുരിതക്കയത്തിലാക്കി ഇന്ധനവില വര്‍ധന. പെട്രോളിന്റെ വില എണ്‍പതിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒന്നര ആഴ്ച്ചയ്ക്കിടെ രണ്ട് രൂപയിലധികമാണ് വര്‍ധിച്ചത്. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഇന്ധനവില വര്‍ധനവിന് കാരണമായത്.

കോട്ടയം, വയനാട്, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ പ്രളയക്കെടുതി വളരെ രൂക്ഷമായിരുന്ന ജില്ലകളില്‍ പെട്രോളിന് ലിറ്ററിന് 80 രൂപയാണ്. പെട്രോളിന് നിലവില്‍ 80 രൂപയും ഡീസലിന് 73 രൂപ 34 പൈസയുമാണ് കോഴിക്കോട്ടെ വില. കോട്ടയത്ത് പെട്രോളിന് 80 രൂപയാണെങ്കില്‍ ഡീസലിന് 73.15യാണ് വില.

പത്തനംതിട്ടയില്‍ പെട്രോളിന് 80 രൂപ 36 പൈസയും ഡീസലിന് 73 രൂപ 57 പൈസയുമാണ്. ഇടുക്കിയില്‍ പെട്രോളിന് 80 രൂപ 53 പൈസയും ഡീസലിന് 73 രൂപ 70 പൈസയും വയനാട് പെട്രോളിന് 80 രൂപ 72 പൈസയും ഡീസലിന് 73 രൂപ 90 പൈസയുമാണ് ഇന്നത്തെ വില. പത്തു ദിവസങ്ങള്‍ക്കുള്ളിലാണ് പെട്രോളിന്റെ വില ഇത്രയും കൂടിയത്.

രൂപയുടെ മൂല്യം ഇടിയുകയും പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കുകയും ചെയ്തതോടെ വിലക്കയറ്റമുണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. നിത്യോപയോഗ സാധനങ്ങളായ പച്ചക്കറി, പഴങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയവയുടെ വില ഉയരാനും സാധ്യതയുണ്ട്.

പെട്രോള്‍ വിലയിലുണ്ടാകുന്ന വര്‍ധനവ് വലിയ ബാധ്യതയാണ് ജനങ്ങള്‍ക്കുണ്ടാക്കുക. വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്കാണെങ്കിലും പ്രത്യേക സാഹചര്യത്തില്‍ സംസ്ഥാനത്ത് വിലകുറയ്ക്കാന്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.