Featured

അര്‍ണബ് ഗോസ്വാമി നിങ്ങള്‍ ഇതു കാണുന്നുണ്ടോ?…; ആറു മണിക്കൂര്‍ ലൈവ് ഷോ നടത്തി കേരളത്തിനായി എന്‍ഡിടിവി സമാഹരിച്ചത് 10 കോടി രൂപ

കേരളത്തിലെ പ്രളയ വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ പൂര്‍ണമായും അവഗണിച്ചപ്പോള്‍ എന്‍.ഡി.ടി.വി മാത്രമാണ് വ്യത്യസ്തത പുലര്‍ത്തിയത്. കേരളത്തിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി ആറ് മണിക്കൂര്‍ നീണ്ടുനിന്ന പ്രത്യേക ലൈവ് പരിപാടി എന്‍.ഡി.ടി.വി ഇന്നലെ സംഘടിപ്പിച്ചു.

‘കേരളത്തിനൊപ്പം’ എന്ന സന്ദേശം പങ്കുവെയ്ക്കുന്നതായിരുന്നു മുംബൈയില്‍ സംഘടിപ്പിച്ച പരിപാടി. പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പ്രതീക്ഷകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൈത്താങ്ങായിമാറുന്നതായിരുന്നു ഇന്ത്യ ഫോര്‍ കേരള എന്ന ഷോ.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി ഒന്‍പതു വരെ ആറ് മണിക്കൂറാണ് പരിപാടി നീണ്ടുനിന്നത്. സന്നദ്ധ സംഘടനയായ ‘പ്ലാന്‍ ഇന്ത്യ’യുമായി ചേര്‍ന്നാണ് എന്‍ഡിടിവി ധനസമാഹരണം നടത്തുന്നത്. ഗായകന്‍ ഹരിഹരന്‍ ഒരുക്കിയ ഫ്യുഷന്‍ സംഗീതമായിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം.

നിറഞ്ഞ സദസില്‍ ഉസ്താദ് അമ്ജദ് അലി ഖാനും മക്കളായ അമാന്‍, അയാന്‍ എന്നിവരും ചേര്‍ന്ന് ഒരുക്കിയ കലാവിരുന്നും ഗായിക ശില്‍പ റാവുവിന്റെ സംഗീതവും പരിപാടിയുടെ മാറ്റുകൂട്ടി. കേരളത്തിന് ഒരു കൈത്താങ്ങ് എന്ന സന്ദേശം പകര്‍ന്ന് 11 വയസുകാരന്‍ അരാവ് വര്‍മ്മ മൂന്ന് മണിക്കൂര്‍ കൊണ്ട് ഒരുക്കിയ പെയിന്റിങ്ങും ശ്രദ്ധേയമായി.

മുഖ്യമന്തി പിണറായി വിജയന്‍, ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്‍, ശ്രുതി ഹാസന്‍ തുടങ്ങി സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ നേരിട്ടും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയും ചടങ്ങിന്റെ ഭാഗമായി. 10 കോടിയിലധികം രൂപയാണ് കേരളത്തിനായി എന്‍ഡിടിവി ഇതുവരെ സമാഹരിച്ചിട്ടുള്ളത്.

ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘നാണംകെട്ട ആളുകളുടെ സംഘം’ എന്ന് മലയാളികളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയ റിപ്പബ്ലിക് ടിവിയുടെ എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉത്തമ മാതൃകയാണ് എന്‍ഡിടിവി ഇതിലൂടെ കാണിച്ചത്. ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കുമെന്ന് പറഞ്ഞ് നിരവധിപേരാണ് എന്‍ഡിടിവിയുടെ ഉദ്യമത്തിന് നന്ദിയറിയിക്കുന്നത്.

കേരളത്തിനുള്ള യുഎഇ സഹായം ഒരു കളവാണെന്നും 700 കോടി രൂപയുടെ ധനസഹായം എന്നത് 2018ലെ ഏറ്റവും വലിയ വ്യാജ വാര്‍ത്തയാണെന്നുമാണ് റിപ്പബഌക് ടിവി ചര്‍ച്ചയ്ക്കിടെ അര്‍ണബ് പറഞ്ഞത്. ഞാന്‍ കണ്ടിട്ടുള്ളതിലും വെച്ച് ഏറ്റവും നാണംകെട്ട ആളുകളുടെ സംഘം എന്ന് ഗോസ്വാമി മലയാളികളെ കുറിച്ച് പ്രസ്താവന നടത്തുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ചാനലിനെതിരേയും അര്‍ണബിനെതിരേയും വ്യാപക വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അര്‍ണബിനെ ന്യായീകരിച്ച് ചാനല്‍ ഉടമയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് വന്നിരുന്നു. 20,000 കോടിയിലേറെ നഷ്ടം കണക്കാക്കിയിരിക്കുന്ന പ്രളയത്തില്‍ പതിനായിരം കിലോമീറ്ററുകളിലേറെ റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. കേരളം ഒരു പുനര്‍നിര്‍മ്മാണത്തിനൊരുങ്ങുന്ന സാഹചര്യത്തിലാണ് എന്‍ഡിടിവി ധനശേഖരണാര്‍ത്ഥം ടെലിത്തോണ്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് ചാനലിന്റെ ഔദ്യോഗിക പ്രസ്താവന.