ടെലികോം മേഖലയെ ഞെട്ടിച്ച് വീണ്ടും ജിയോ

single-img
27 August 2018

വരുമാന വിപണി വിഹിതത്തിന്റെ കാര്യത്തില്‍ റിലയന്‍സ് ജിയോ രാജ്യത്തെ രണ്ടാമത്തെ ടെലികോം സേവനദാതാവായി. ജൂണില്‍ അവസാനിച്ച പാദത്തില്‍ ജിയോയുടെ വരുമാന വിപണി വിഹിതം 22.4 ശതമാനമായി. ഗ്രാമീണ മേഖലയില്‍ സാന്നിധ്യമുറപ്പിച്ചതാണ് ജിയോയെ വരുമാനത്തിന്റെ കാര്യത്തില്‍ വന്‍കുതിപ്പിന് സഹായിച്ചത്.

വൊഡേഫോണിനെ മറികടക്കുക മാത്രമല്ല വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഭാരതി എയര്‍ടെലിന്റെ അടുത്തെത്തുകയും ചെയ്തു ജിയോ. നേരിയ കുറവുണ്ടായെങ്കിലും 31.7 ശതമാനവുമായി എയര്‍ടെല്‍ തന്നെയാണ് മുന്നില്‍. വൊഡാഫോണിന്റെ വരുമാന വിഹിതം 19.3ശതമാനം. 15.4 ശതമാനമാണ് ഐഡിയയുടെ റവന്യു മാര്‍ക്കറ്റ് ഷെയര്‍.

ജൂണില്‍ അവസാനിച്ച പാദത്തില്‍ 7,200 കോടി രൂപയാണ് ജിയോയുടെ മൊത്തവരുമാനം. എയര്‍ടെലിന്റേത് 10,200 കോടിയും വൊഡാഫോണിന്റേത് 6,200 കോടിയുമാണ്. 5,000 കോടി രൂപയാണ് ഐഡിയയുടെ വരുമാനം. വരിക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനമാണ് ജിയോക്കുള്ളത്. ജൂണില്‍ അവസാനിച്ച പാദത്തിലെ കണക്കുപ്രകാരം 21.5 കോടിയാണ് ജിയോ വരിക്കാരുടെ എണ്ണം.