വിമാന യാത്രക്കാര്‍ക്ക് ആശ്വാസവാര്‍ത്ത: രാജ്യത്തെ ആദ്യ ജൈവ ഇന്ധന യാത്രാവിമാനം വിജയകരമായി ഡല്‍ഹി വിമാനത്താവളത്തിലിറങ്ങി

single-img
27 August 2018

ന്യൂഡല്‍ഹി: ജൈവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനം പറത്തി സ്‌പൈസ്‌ജെറ്റ്. തിങ്കളാഴ്ച ഡല്‍ഹിയിലാണ് വിമാനം വിജയകരമായി പറന്നിറങ്ങിയത്. സ്‌പൈസ് ജെറ്റിന്റെ 72 സീറ്റുള്ള ബോംബാര്‍ഡിയര്‍ ക്യൂ 400 യാത്രാവിമാനമാണു ഭാഗികമായി ജൈവ ഇന്ധനം ഉപയോഗിച്ചു ഡെറാഡൂണില്‍നിന്നു ഡല്‍ഹിയിലേക്കു പറന്നിറങ്ങിയത്.

25 മിനിറ്റായിരുന്നു യാത്രാ ദൈര്‍ഘ്യം. സിവില്‍ ഏവിയേഷന്‍ അധികൃതരുള്‍പ്പെടെ 20 പേരാണു വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 ല്‍ മന്ത്രിമാരും എയര്‍ലൈന്‍ മാനേജ്‌മെന്റും ചേര്‍ന്ന് സ്വീകരിച്ചു.

നിലവില്‍ ആഗോളതലത്തില്‍ കാനഡയില്‍ ജൈവ ഇന്ധനം ഉപയോഗിച്ചുള്ള വിമാന സര്‍വീസ് നടത്തുന്നുണ്ട്. സാധാരണ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഹൈ എയര്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എ.ടി.എഫ്) കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ജൈവ ഇന്ധനത്തിന്റെ വഴിയേ നീങ്ങുന്നത്.

ഡെറാഡൂണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആണു ജൈവ ഇന്ധനം വികസിപ്പിച്ചത്. ജെട്രോഫ ചെടിയുടെ കുരുവില്‍നിന്നുണ്ടാക്കിയ എണ്ണ വിമാന ഇന്ധനത്തിനൊപ്പം ചേര്‍ത്താണ് ഉപയോഗിച്ചതെന്നു സ്‌പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു.

ഭാഗികമായി ശുദ്ധിചെയ്ത ജെട്രോഫ എണ്ണയുടെ നിര്‍മാണത്തില്‍ ഛത്തിസ്ഗഡിലെ അഞ്ഞൂറോളം കര്‍ഷക കുടുംബങ്ങള്‍ പങ്കാളികളാണ്. വിമാനത്തിന്റെ വലതു ഭാഗത്തെ എന്‍ജിന്റെ 25 ശതമാനത്തോളം ജൈവ ഇന്ധനത്തിലും ബാക്കി വിമാന ഇന്ധനത്തിലുമാണു പ്രവര്‍ത്തിച്ചത്. ജൈവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിന്റെ ക്ഷമത കൂടുതലാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ പരീക്ഷണം നടത്തുന്നതെന്നും വ്യോമയാന രംഗത്തു വന്‍ കുതിച്ചുചാട്ടത്തിന് ഇതു വഴിവയ്ക്കുമെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വീറ്റ് ചെയ്തു. നിലവില്‍ ആഭ്യന്തര വ്യോമയാന കമ്പനികളുടെ പ്രവര്‍ത്തന ചെലവിന്റെ 45 50 ശതമാനത്തോളം ഇന്ധനത്തിനു വേണ്ടിയാണു വിനിയോഗിക്കുന്നത്.