കേരളത്തിന് കൈത്താങ്ങായി ‘ആപ്പിള്‍’ ഏഴുകോടി രൂപ നല്‍കും; നാല് കോടിയുടെ സഹായവുമായി ബില്‍ ഗേറ്റ്‌സും ഭാര്യയും

single-img
27 August 2018

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന് സഹായവുമായി അമേരിക്കന്‍ ടെക് കമ്പനിയായ ആപ്പിള്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ഏഴുകോടി രൂപയാണ് കമ്പനി സഹായം പ്രഖ്യാപിച്ചത്. ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന് പൂര്‍ണപിന്തുണയും ആപ്പിള്‍ പ്രഖ്യാപിച്ചു.

‘കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ വേദനയുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏഴ് കോടി രൂപ സംഭാവനയായി നല്‍കുന്നു. വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും സ്‌കൂളുകള്‍ പുനര്‍നിര്‍മ്മിക്കാനും ദുരിതത്തിലകപ്പെട്ടവരെ സഹായിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കുന്നു.’ ആപ്പിള്‍ പ്രസ്താവനയില്‍ പറയുന്നു.

അതിനിടെ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും സഹായവുമായി രംഗത്തെത്തി. ബില്‍ഗേറ്റ്‌സിന്റെ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ വഴി നാലു കോടി രൂപയാണ് കേരളത്തിനു നല്‍കുന്നത്. യുനിസെഫുമായി സഹകരിച്ചാണ് ഈ പണം കേരളത്തില്‍ ചിലവഴിക്കുക.

പ്രളയബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ മിക്ക പ്രവര്‍ത്തനങ്ങളും യുഎന്‍ വഴിയാണ്. പ്രളയബാധിത മേഖലകളിലെ ആരോഗ്യ പ്രശ്‌നങ്ങളെ നേരിടാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക.

ലോകമെമ്പാടുമുള്ള പാവപ്പെട്ടവരുടെ ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയെന്നതാണ് ഈ സന്നദ്ധ സംഘടനയുടെ ലക്ഷ്യം. ലോകത്തെ സ്വകാര്യ സന്നദ്ധ സംഘടനകളില്‍ ഏറ്റവുമധികം ഫണ്ടുളള ഒന്നാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൌണ്ടേഷന്‍. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ബില്‍ ഗേറ്റ്‌സ്.