ദുരിതാശ്വാസ ക്യാമ്പുകള്‍ കയ്യടക്കാന്‍ സി.പി.എം ശ്രമിക്കുന്നു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പകരം പ്രത്യേക അക്കൗണ്ട് വേണമെന്ന് രമേശ് ചെന്നിത്തല

single-img
27 August 2018

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകള്‍ കയ്യടക്കാന്‍ സി.പിഎം ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്യാമ്പുകളിലെത്തുന്ന സാധനങ്ങള്‍ പിടിച്ചെടുക്കുന്നുവെന്നും സംഘടിത ആക്രമണമാണ് പൊലീസ് സഹയാത്തോടെ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുണ്ടായത് ഡാം ദുരന്തമാണ്, ഡാമുകള്‍ കൂട്ടത്തോടെ തുറന്ന് വിട്ടതാണ് ദുരന്തമുണ്ടായതെന്ന വിലയിരുത്തലാണ് യു.ഡി.എഫിനുള്ളതെന്നും ഡാമുകള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ പാലിച്ചില്ലെന്നും ഇതു സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രളയ ബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പകരം പ്രത്യേക അക്കൗണ്ട് വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഓഖി ദുരിതാശ്വാസ നിധിയുടെ അവസ്ഥ പ്രളയ ദുരിതാശ്വാസനിധിക്ക് സംഭവിക്കരുതെന്ന് കരുതിയാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മാസം ഇരുപത് വരെയുള്ള കണക്ക് പ്രകാരം 25,14,40,000 രൂപ മാത്രമെ ഓഖി ദുരിതാശ്വാസ നിധിയില്‍ നിന്ന് ചെലവാക്കിയിട്ടുള്ളു. 104 കോടി രൂപയിലെ ബാക്കി തുക എന്തുചെയ്തുവെന്ന് പറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഓഖി ദുരന്തത്തിന്റെ ഇരകളായവര്‍ക്ക് ജീവനോപാധി നല്‍കുമെന്ന് പറഞ്ഞിട്ട് ഇതുവരെ നടപടിയുണ്ടായില്ല.

ദുരന്ത നിവാരണ സമിതി പുനഃസംഘടിപ്പിക്കുമെന്ന് പറഞ്ഞതും നടപ്പായില്ല. തീരദേശ സേന രൂപവത്കരിക്കുമെന്ന വാഗ്ദാനവും പാഴായി. ഓഖിയ്ക്ക് ഇരയായവരില്‍ മൃതദേഹം കണ്ടെത്താത്തവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുമെന്ന പ്രഖ്യാപനവും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.