വൈദികര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടിയില്ലാത്തത് നാണക്കേടാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

single-img
26 August 2018

പുരോഹിതര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സഭയ്ക്കുണ്ടായ വീഴ്ചകള്‍ ദു:ഖവും നാണക്കേടുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നാല് പതിറ്റാണ്ടിന് ശേഷം അയര്‍ലണ്ടില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു പോപ്പിന്റെ പരാമര്‍ശം.

‘കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പോലും കുറ്റക്കാര്‍ക്കെതിരെ സഭയിലെ ഉന്നതര്‍ നടപടി സ്വീകരിച്ചില്ല. ബിഷപ്പുമാരും മതമേലധ്യക്ഷന്മാരുമെല്ലാം ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടുകളാണ് ജനരോഷത്തിന് കാരണമായിരിക്കുന്നത്. അത് സ്വാഭാവികവുമാണ്. ക്രിസ്തീയ സഭയ്ക്ക് തന്നെ നാണക്കേടും ദുഖവുമുണ്ടാക്കുന്ന അവസ്ഥയാണ് ഉണ്ടായത്. എനിക്കും വിഷമവും നാണക്കേടുമുണ്ട്.’ മാര്‍പാപ്പ പറഞ്ഞു.

ക്രൂരതകള്‍ വിനോദമാക്കിയ വൈദികരെ അദ്ദേഹം തള്ളിപ്പറഞ്ഞു. സഭയ്‌ക്കെതിരെ അയര്‍ലന്‍ഡിലുയര്‍ന്ന പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്ന് പറഞ്ഞ മാര്‍പാപ്പ വൈദികരുടെ ക്രൂരതകള്‍ക്കിരയായവരെ നേരില്‍ക്കണ്ട് ആശ്വസിപ്പിച്ചു. എന്നാല്‍, സഭയിലെ വൈദികര്‍ക്കെതിരെ ആയിരത്തോളം ബാലപീഢന പരാതികള്‍ നിലവിലുണ്ടെന്ന യുഎസ് ഗ്രാന്‍ഡ് ജൂറിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് മാര്‍പാപ്പ പരാമര്‍ശങ്ങളൊന്നും നടത്തിയില്ല.

39 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ക്രിസ്ത്യന്‍ രാജ്യമായ അയര്‍ലന്‍ഡില്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം. 1979ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഇതിനു മുന്‍പ് അയര്‍ലന്‍ഡ് സന്ദര്‍ശിച്ചത്. മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ആഗോള ക്രൈസ്തവ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഡബ്ലിനിലെത്തിയത്.