യൂണിഫോമില്‍ അനാഥ കുഞ്ഞിനെ മുലയൂട്ടിയ പോലീസുകാരിക്ക് പ്രമോഷന്‍

single-img
26 August 2018

പൊലീസ് യൂണിഫോമില്‍ അനാഥ കുഞ്ഞിനെ മുലയൂട്ടൂന്ന ഉദ്യോഗസ്ഥയുടെ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. അര്‍ജന്റീനയിലെ പൊലീസ് ഓഫീസറായ സെലസ്റ്റ് ജാക്വിലിന്‍ അയാലയാണ് അനാഥക്കുഞ്ഞിന് പാലൂട്ടിയത്. കുട്ടികളുടെ ആശുപത്രിയായ സോണ്‍ മരിയാ ലുഡോവികോയില്‍ സെക്യൂരിറ്റി വിഭാഗത്തില്‍ ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആശുപത്രിയിലേക്കു കൊണ്ടുവന്ന അനാഥക്കുഞ്ഞ് ജാക്വലിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. വിശന്ന് തളര്‍ന്ന കുഞ്ഞിന്റെ കരച്ചില്‍ കേട്ട ജാക്വിലിന്‍ പിന്നെ വേറൊന്നും ആലോചിച്ചില്ല. കുഞ്ഞിന് പാല് കൊടുക്കട്ടെയെന്ന് അധികൃതരോട് ചോദിച്ച് അനുവാദം വാങ്ങി. ഉടന്‍ കുഞ്ഞിനെയെടുത്ത് മുലപ്പാല്‍ നല്‍കുകയായിരുന്നു ജാക്വിലിന്‍.

വിശപ്പകന്നതോടെ കുഞ്ഞ് വേഗം കരച്ചില്‍ നിര്‍ത്തി. ‘വിശന്ന് കരയുന്ന കുഞ്ഞിനെ കണ്ടപ്പോള്‍ ഞാന്‍ വല്ലാതെ തളര്‍ന്നുപോയി.
കുട്ടികളുടെ കാര്യത്തില്‍ സമൂഹം കുറേക്കൂടി ശ്രദ്ധ ചെലുത്തണം’ ജാക്വലിന്‍ പറഞ്ഞു. അനാഥക്കുഞ്ഞിനോടുള്ള ജാക്വിലിന്റെ കരുതലും സ്‌നേഹവും കണ്ട് മനസ്സു നിറഞ്ഞ മേലുദ്യോഗസ്ഥന്‍ ജാക്വിലിന് സ്ഥാനക്കയറ്റം നല്‍കി. പൊലീസ് ഓഫീസര്‍
എന്ന പദവിയില്‍ നിന്ന് സര്‍ജന്റ് പദവിയിലേക്കാണ് സ്ഥാനക്കയറ്റം.