കേരളത്തോടൊപ്പം രാജ്യം ഉറച്ച് നില്‍ക്കുമെന്ന് പ്രധാനമന്ത്രി

single-img
26 August 2018

പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തോടൊപ്പം രാജ്യം ഉറച്ച് നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തനിവാരണ സേനയും സൈന്യവും സ്തുത്യര്‍ഹമായ രക്ഷാപ്രവര്‍ത്തനമാണ് കേരളത്തില്‍ നടത്തിയത്. രാജ്യമൊട്ടാകെ കേരളത്തോടൊപ്പമുണ്ടെന്നും മോദി മന്‍കി ബാത്ത് റേഡിയോ പ്രഭാഷണത്തില്‍ വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം എല്ലാ ഇന്ത്യക്കാരും തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ നാനാതുറകളില്‍നിന്നുള്ള ജനങ്ങള്‍ കേരളീയര്‍ക്കു പിന്തുണയുമായി രംഗത്തെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികരെയും മറ്റ് രക്ഷാപ്രവര്‍ത്തകരെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. സൈനികരുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരാണ് പ്രളയക്കെടുതികള്‍ക്കിടയിലെ യഥാര്‍ഥ നായകന്‍മാരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യോമസേന, കരസേന, നാവികസേന, ബിഎസിഎഫ്, സിഐഎസ്എഫ്, ആര്‍എഎഫ്, എന്‍ഡിആര്‍എഫ് തുടങ്ങിയ വിഭാഗങ്ങള്‍ കേരളത്തെ പ്രളയക്കെടുതിയില്‍നിന്ന് കരകയറ്റാന്‍ അക്ഷീണം പ്രയത്‌നിച്ചു വരികയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെയും മോദി മന്‍ കി ബാത്തില്‍ സ്മരിച്ചു. ഇത്തവണ മന്‍ കി ബാത്തില്‍ സംസാരിക്കണമെന്ന് ഏറ്റവും കൂടുതല്‍ പേര്‍ ആവശ്യപ്പെട്ട വിഷയം വാജ്‌പേയിയുടെ ജീവിതമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ വ്യത്യസ്ത വിഭാഗങ്ങളില്‍നിന്നുള്ളവര്‍ വാജ്‌പേയിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ലോകത്ത് ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നേതാവായിരുന്നു വാജ്‌പേയിയെന്ന് മോദി അനുസ്മരിച്ചു.