സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി കുമാര സ്വാമി; തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന വിശദീകരണവുമായി സിദ്ധരാമയ്യ

single-img
26 August 2018

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചില കോണുകളില്‍ നിന്ന് ശ്രമം നടക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തി മറിച്ചിടാന്‍ ശ്രമം നടക്കുന്നുവെന്നും, എന്നാല്‍ കസേര സംരക്ഷിക്കാന്‍ താനായിട്ട് ശ്രമിക്കില്ലെന്നും കുമാര സ്വാമി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഊന്നി മുന്നോട്ടുപോകുന്നതിലാണ് തന്റെ ശ്രദ്ധയെന്നും കുമാര സ്വാമി പറഞ്ഞു. താന്‍ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് കുമാരസ്വാമിയുടെ ആരോപണമെന്നത് ശ്രദ്ധേയമാണ്.

സംസ്ഥാനം ഭരിക്കുന്ന ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യത്തിലെ ഭിന്നത വ്യക്തമാക്കുന്നതാണ് സിദ്ധരാമയ്യയുടെ പരാമര്‍ശമെന്ന് വ്യാഖ്യാനമുണ്ടായതോടെ പ്രസ്താവന വന്‍ വിവാദമായി. ഇതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്തെത്തുകയായിരുന്നു.

ജനങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ താന്‍ തീര്‍ച്ചയായും വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തുമെന്നും എന്നാല്‍, ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമേ അതു സംഭവിക്കൂ എന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഹാസനില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവെയാണ്, ജനങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം പറഞ്ഞത്.