കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിനു പുല്ലുവില; വിമാനക്കമ്പനികള്‍ യാത്രാക്കൂലി പത്തിരട്ടിയിലധികം കൂട്ടി

single-img
26 August 2018

പ്രളയം കണക്കിലെടുത്ത് കേരളത്തിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കുകളില്‍ വന്‍വര്‍ധന പാടില്ലെന്ന വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശം കാറ്റില്‍ പറത്തി വിമാനക്കമ്പനികള്‍. ഉല്‍സവ സീസണില്‍ തിരക്കുകൂടിയതോടെ പത്തിരട്ടി വര്‍ധനയാണ് വിവിധ വിമാനക്കമ്പനികള്‍ വരുത്തിയിരിക്കുന്നത്.

എയര്‍ ഇന്ത്യ നിരക്കുകൂട്ടിയതോടെ മറ്റു കമ്പനികളും ഇതേ പാത പിന്തുടര്‍ന്നു. കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് അമ്പത്തി അയ്യായിരം രൂപയാണ് നിരക്ക്. റിയാദിലേക്ക് 32000. നരേത്തെ ഇത് പതിമൂവായിരം രൂപ മാത്രമായിരുന്നു. ആഭ്യന്തര സര്‍വീസുകളിലും കൊടിയ ചൂഷണമാണ്.

എലന്‍സ് എയറിന്റെ കൊച്ചി–ബംഗളുരു റൂട്ടില്‍ നിരക്ക് ഒമ്പതിനായിരം രൂപ വരെയെത്തി. തിരുവനന്തപുരം ഡല്‍ഹി യാത്രക്ക് മിക്ക കമ്പനികളും ഈടാക്കുന്നത് പതിനായിരം രൂപയാണ്. തിരക്കു കൂടുമ്പോള്‍ നിരക്ക് കൂട്ടുകയെന്ന പതിവ് തന്ത്രമാണ് കമ്പനികളെടുത്തിരിക്കുന്നത്.

ഇത്തവണ നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടതും മുതലെടുത്താണ് ഈ തീവെട്ടിക്കൊള്ള. ഇതോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ഉറപ്പാണ് പൊളിയുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി പ്രവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.