കാമുകനൊപ്പം ജീവിക്കാന്‍ പലപ്പോഴായി അച്ഛനേയും അമ്മയേയും മക്കളേയും കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യ കണ്ണൂര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

single-img
24 August 2018

പിണറായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി വണ്ണത്താംവീട്ടില്‍ സൗമ്യ(30) കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍. ജയിലിലെ കശുമാവില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂര്‍ വനിതാ ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിയുണ്ടായിരുന്നു.

ജയില്‍ വളപ്പില്‍ പുല്ലരിയാന്‍ പോയ സമയത്തു സാരിയില്‍ കശുമാവില്‍ തൂങ്ങി മരിക്കുകയായിരുന്നെന്നു ജയില്‍ അധികൃതര്‍ പറയുന്നു. മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു സൗമ്യ.

മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഈ കേസിലെ ഏക പ്രതിയാണ് സൗമ്യ. അതേസമയം ആത്മഹത്യാ പ്രവണതയുള്ള സൗമ്യയെ പോലൊരു പ്രതിയെ ഒറ്റയ്ക്ക് താമസിപ്പിച്ചതിലും ആവശ്യമായ നിരീക്ഷണം ഉറപ്പാക്കത്തതിലും ജയില്‍ അധികൃതര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ഉണ്ടായേക്കും എന്നാണ് സൂചന.

കുടുംബത്തിലെ നാല് പേര്‍ ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്തു ചെന്നു മരിച്ച സംഭവത്തില്‍ സൗമ്യ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. അവിഹിത ബന്ധം നേരിട്ട് കണ്ടതിനാണ് മകളെ കൊന്നതെന്നും ബന്ധത്തിന് തടസമായതുകൊണ്ടാണ് മറ്റൊരു മകളെയും അച്ഛനെയും അമ്മയെയും കൊന്നതെന്നുമാണ് സൗമ്യ മൊഴി നല്‍കിയത്. മകള്‍ക്കും അച്ഛനും അമ്മക്കും ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി നല്‍കുകയായിരുന്നു.

കഴിഞ്ഞ ജനുവരി 21നാണ് സൗമ്യയുടെ മൂത്ത മകള്‍ ഐശ്വര്യ ഛര്‍ദ്ദിയെ തുടര്‍ന്ന് മരിക്കുന്നത്. തൊട്ട് പിന്നാലെ മാര്‍ച്ച് 7ന് സൗമ്യയുടെ അമ്മ കമലയും ഏപ്രില്‍13ന് പിതാവ് കുഞ്ഞിക്കണ്ണനും സമാന സാഹചര്യത്തില്‍ മരിച്ചു. 2012 ജനുവരിയില്‍ സൗമ്യയുടെ ഇളയകുട്ടിയായ ഒരു വയസുളള കീര്‍ത്തനയും ഛര്‍ദ്ദിയെ തുടര്‍ന്ന് മരിച്ചിരുന്നു.

അലുമിനിയം ഫോസ്‌ഫൈഡ് എന്ന രാസവസ്തു ശരീരത്തില്‍ എത്തിയതാണ് കുഞ്ഞിക്കണ്ണന്റെയും ഭാര്യയുടെയും മരണ കാരണം എന്ന് ഇവരുടെ ആന്തരിക അവയവ പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ച്ചയായുണ്ടായ മരണങ്ങളില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് സൗമ്യയുടെ അറസ്റ്റിലെത്തിയത്.