ദുരിത ബാധിതര്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ തലയിലേറ്റി മന്ത്രി എ.കെ ശശീന്ദ്രന്‍

single-img
24 August 2018

കോഴിക്കോട്: പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് എത്തിക്കുന്നതിനുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെട്ട കിറ്റ് തലയിലേറ്റി മന്ത്രി എ.കെ ശശീന്ദ്രന്‍. മാനാഞ്ചിറ ബി.ഇ.എം.പി സ്‌കൂളിലെ ഭക്ഷണ സാധനങ്ങളുടെ സംഭരണ വിതരണ കേന്ദ്രത്തിലാണ് സേവന സന്നദ്ധരായ വിദ്യാര്‍ഥികള്‍ക്ക് ആവേശം പകരാന്‍ മന്ത്രി മുന്നിട്ടിറങ്ങിയത്.

രാവിലെ മുതല്‍ സേവന സന്നദ്ധരായി രംഗത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് ആവേശം നല്‍കുന്നതായിരുന്നു മന്ത്രിയുടെ നടപടി. 15 ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെട്ട കിറ്റുകള്‍ തയ്യാറാക്കാന്‍ ആയിരത്തോളം വളണ്ടിയര്‍മാരാണ് വ്യാഴാഴ്ച ഡി.ടി.പി.സി ഹാളിലും ബി.ഇ.എം.പി സ്‌കൂളിലും സംഭരണ വിതരണ കേന്ദ്രങ്ങളിലെത്തിയത്.

10 കിലോ അരിയും പയറും പഞ്ചസാരയും പാലും തേയില പൊടിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടുന്ന കിറ്റുകളാണ് വിദ്യാര്‍ത്ഥികള്‍ ഇനം തിരിച്ച് കിറ്റുകളാക്കി പ്രളയ ദുരിതബാധിതര്‍ക്ക് എത്തിക്കുന്നത്. കുട്ടികളുടെ സേവനം കണ്ടാണ് മന്ത്രിയും ഊര്‍ജസ്വലനായി രംഗത്തിറങ്ങിയത്.