ദുരന്ത സമയത്ത് മോദി സര്‍ക്കാരിനെപ്പോലെ ആത്മാര്‍ത്ഥത കാണിച്ച ഒരു സര്‍ക്കാരുണ്ടോ?: ശ്രീധരന്‍പിള്ള

single-img
24 August 2018

കോഴിക്കോട്: യു.എ.ഇ ധനസഹായ വിഷയത്തില്‍ മുഖ്യമന്ത്രി കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണിത്. ഇതിന് എന്ത് ഉത്തരമാണ് സി.പി.എമ്മിന് പറയാനുള്ളതെന്നും പി.എസ് ശ്രീധരന്‍ പിള്ള ചോദിച്ചു.

വിദേശ സഹായങ്ങള്‍ സ്വീകരിക്കേണ്ട എന്ന നിലപാട് സ്വീകരിച്ചത് യു.പി.എ സര്‍ക്കാരാണ്. പിന്നീട് ബി.ജെ.പി നിയമം പാസ്സാക്കുകയായിരുന്നു. കളവ് പറഞ്ഞ ശേഷം മുഖ്യമന്ത്രി ഇതിന്റെ കുറ്റം ആര്‍.എസ്.എസിന്റെ മേല്‍ ചുമത്തുകയായിരുന്നു. തികച്ചും അധാര്‍മികമാണിത്.

കേരളത്തില്‍ ദുരന്തങ്ങളുണ്ടായ സമയത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിച്ചത്ര ആത്മാര്‍ത്ഥത മറ്റേതെങ്കിലും ഭരണകൂടം കേരളത്തോട് കാണിച്ചിട്ടുണ്ടോ? കുട്ടനാട്ടില്‍ ദുരന്തമുണ്ടായപ്പോള്‍ തന്നെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഓടിയെത്തി. പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രി വന്നു. വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങിനിടയിലും പ്രധാനമന്ത്രി വന്നു.

സഹായങ്ങളെല്ലാം ചോദിച്ചതില്‍ കൂടുതല്‍ കേന്ദ്രം നല്‍കി. മുഖ്യമന്ത്രിക്ക് പോലും ഇക്കാര്യം സമ്മതിക്കേണ്ടി വന്നു. എന്നിട്ട് പോലും സര്‍ക്കാരും ഇടതുപക്ഷവും കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പി.എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.