പ്രധാനമന്ത്രി കാറില്‍ കയറിയാല്‍ ഉടന്‍ ചെയ്യുന്നത് എന്താണെന്നോ?: വീഡിയോ പുറത്തുവിട്ട് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ

single-img
24 August 2018

സീറ്റ്‌ബെല്‍റ്റ് വിരോധികളാണ് നമ്മളില്‍ പലരും. വാഹനത്തില്‍ കയറിയാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ പലര്‍ക്കും വളരെ ബുദ്ധിമുട്ടാണ്. സ്വന്തം സുരക്ഷയ്ക്ക് എന്നതിലുപരി പൊലീസ് ചെക്കിങ്ങില്‍നിന്നു രക്ഷ നേടാനാണ് മിക്കവരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നതുതന്നെ.

വാഹനങ്ങള്‍ ഓടിക്കാന്‍ പഠിക്കുമ്പോള്‍ പകര്‍ന്നുകിട്ടുന്ന സുരക്ഷയുടെ ആദ്യപാഠങ്ങളിലൊന്നാണ് സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നത്. എന്നാല്‍ നമ്മില്‍ പലരും പിന്നീടത് സൗകര്യപൂര്‍വം മറക്കുന്നു. സീറ്റിലിരുന്നു ബെല്‍റ്റ് മുറുക്കിയാല്‍ത്തന്നെ 60 ശതമാനം സുരക്ഷിതരായി.

എയര്‍ബാഗും എ ബി എസും മറ്റ് ആധുനിക സംവിധാനങ്ങളുമൊക്കെ സുരക്ഷയുടെ കാര്യത്തില്‍ സീറ്റ് ബെല്‍റ്റ് കഴിഞ്ഞേയുള്ളൂ. ചെറിയ വാഹനങ്ങളില്‍ മാത്രമല്ല ലോറി, ബസ് പോലുള്ള വലിയ വാഹനങ്ങളിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കേണ്ടതാണ്.

എന്നാല്‍ വിവിധ തരത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ആളുകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ വരികയും നിരവധി പേര്‍ അപകടത്തില്‍ പെടുന്നത് തുടര്‍ക്കഥയാവുകയും ചെയ്തതോടെയാണ് ബോധവല്‍ക്കരണത്തിന് വേറിട്ട മാര്‍ഗവുമായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ രംഗത്തുവന്നത്.

കനത്ത സുരക്ഷാ വലയത്തില്‍ നിന്ന് പ്രധാനമന്ത്രി ഔദ്യോഗിക വാഹനത്തിലേക്ക് കയറുന്നതും കയറിയ ഉടന്‍ തന്നെ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതുമാണ് ബോധവല്‍ക്കരണ വീഡിയോയില്‍ ഉള്ളത്. പ്രധാനമന്ത്രി പോലും കാറില്‍ കയറുമ്പോള്‍ ആദ്യം ചെയ്യുന്നത് സീറ്റ് ബെല്‍റ്റ് ഇടുകയാണ് അങ്ങനെ ചെയ്യാതിരിക്കാന്‍ നിങ്ങള്‍ക്കുള്ള വിശദീകരണം എന്താണെന്നുള്ള ചോദ്യത്തോടെയാണ് വീഡിയോ പങ്കു വച്ചിട്ടുള്ളത്. എന്തായാലും ബോധവല്‍ക്കരണ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത്തരമൊരു ഉദ്യമത്തിന് തയ്യാറായ പ്രധാനമന്ത്രിക്ക് വിവിധ മേഖലയില്‍ നിന്നുള്ളവരുടെ അഭിനന്ദന പ്രവാഹമാണ്.