കാറില്‍ സൈറണ്‍ മുഴക്കി പാഞ്ഞു; പിടിയിലായപ്പോള്‍ മുഖ്യമന്ത്രിയുടെ അളിയനാണെന്ന് അവകാശവാദം

single-img
24 August 2018

മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മാത്രം വാഹനത്തില്‍ ഉപയോഗിക്കുന്ന സൈറനും കാറില്‍ ഘടിപ്പിച്ച് യാത്ര ചെയ്തയാളെ ട്രാഫിക് പൊലീസ് തടഞ്ഞതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

‘ഞാന്‍ മുഖ്യമന്ത്രിയുടെ അളിയനാണ്, എനിക്കാണോ പിഴയിടുന്നത് ? നീയൊക്കെ എന്താണ് ധരിച്ചുവച്ചിരിക്കുന്നത്?’ എന്നായിരുന്നു ഇയാളുടെ ചോദ്യം. ഇയാളുടെ ഭാര്യ, ഒരുപടി കൂടി കടന്ന്, ഫോണെടുത്ത് മുഖ്യമന്ത്രി ഇപ്പോള്‍ വിളിക്കും എന്ന തരത്തില്‍ ഭീഷണിയും മുഴക്കി.

ഇവര്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കളാണോ എന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ലെങ്കിലും അവര്‍ യാത്ര ചെയ്ത എസ് യു വി രാജേന്ദ്ര സിംഗ് ചൗഹാന്‍ എന്ന ആളുടെ പേരിലാണെന്ന് കണ്ടെത്തി. സംഭവത്തേക്കുറിച്ച് അറിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:

”മധ്യപ്രദേശില്‍ എനിക്ക് കോടിക്കണക്കിന് സഹോദരിമാരുണ്ട്. അപ്പോള്‍ സ്വാഭാവികമായും അളിയന്‍മാരുമുണ്ടാകും. പക്ഷേ നിയമം നിയമത്തിന്റെ വഴിക്ക് തന്നെ നടക്കും”. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വാഹനങ്ങളില്‍ സൈറണ്‍ ഘടിപ്പിച്ച് യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനക്കിടെ ആണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ ഒരാഴ്ചയില്‍ 128 വാഹനങ്ങളാണ് നിയമവിരുദ്ധമായി സൈറണ്‍ വച്ച് യാത്ര ചെയ്തതിന് പൊലീസ് പിടികൂടിയത്. അവരില്‍നിന്നായി 12000 രൂപ പൊലീസ് പിഴയായി ഈടാക്കിയിട്ടുണ്ട്.

നിയമം തെറ്റിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടാന്‍ 20 ചെക്ക് പോസ്റ്റുകളിലായി 200 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. വാഹനങ്ങളില്‍ അനധികൃതമായി സൈറണ്‍ ഉപയോഗിച്ചാല്‍ 3000 രൂപയാണ് പിഴ.