യുഎഇ സാമ്പത്തിക സഹായ വിഷയത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് ചെന്നിത്തല

single-img
24 August 2018

തിരുവനന്തപുരം: പ്രളയക്കെടുതിയെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവര്‍ അവിടെ നിന്ന് മടങ്ങുമ്പോള്‍ അവര്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 10,000 രൂപ വീതം നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ദുരിത ബാധിതര്‍ക്ക് സഹായം പ്രഖ്യാപിച്ചതല്ലാതെ ആര്‍ക്കും ഒന്നും ലഭിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ക്യാമ്പുകളില്‍ കഴിയുന്നവരില്‍ കൂടുതല്‍ നാശനഷ്ടം അനുഭവിക്കേണ്ടി വരികയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുകയും ചെയ്യുന്നവര്‍ക്ക് 50,000 രൂപ ഗ്രാന്റായി നല്‍കണമെന്നും കര്‍ഷക വായ്പകള്‍ എഴുതിത്തള്ളണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

യുഎഇ സഹായത്തേക്കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യു എ ഇ 700 കോടി വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കേരളത്തിന് ദുരിതാശ്വാസമായി നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ലെന്നും ധനസഹായം സംബന്ധിച്ചുള്ള വിലയിരുത്തല്‍ നടന്നതേയുള്ളുവെന്നും യു എ ഇ അംബാസിഡര്‍ വെള്ളിയാഴ്ച വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.