ഹൃദയശസ്ത്രക്രിയക്ക് കരുതിവെച്ചിരുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തമിഴ് പെണ്‍കുട്ടിക്ക് കേരളത്തിന്റെ വക ‘വലിയ സമ്മാനം’

single-img
24 August 2018

ഹൃദയശസ്ത്രക്രിയക്ക് കരുതിവെച്ചിരുന്ന പണം ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ തമിഴ് പെണ്‍കുട്ടിക്ക് കേരളത്തിന്റെ സമ്മാനം. അക്ഷയക്ക് സൗജന്യ ശസ്ത്രക്രിയ ചെയ്തു നല്‍കുമെന്ന് ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി അറിയിച്ചു.

കാരൂര്‍ ജില്ലയിലെ ചെറിയ ഗ്രാമമായ കുമാരപാളയമാണ് പന്ത്രണ്ടുകാരി അക്ഷയയുടെ സ്വദേശം. ടിവിയിലൂടെയാണ് കേരളം നേരിടുന്ന ദുരിതത്തെക്കുറിച്ച് അക്ഷയ തിരിച്ചറിഞ്ഞത്. അപ്പോള്‍ തന്നെ ഹൃദയശസ്ത്രക്രിയയുടെ രണ്ടാംഘട്ടത്തിനു വേണ്ടി സമാഹരിച്ച പണത്തില്‍ നിന്ന് അക്ഷയ പണം നല്‍കാന്‍ അമ്മയോട് പറയുകയായിരുന്നു.

പലരില്‍ നിന്നായി പിരിഞ്ഞു കിട്ടിയ ഇരുപതിനായിരം രൂപയില്‍ നിന്ന് അയ്യായിരം രൂപയാണ് അക്ഷയയുടെ അമ്മ ജ്യോതിമണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്. അക്ഷയയ്ക്കു സഹായിക്കണം എന്നു പറഞ്ഞപ്പോള്‍ ഈ സാഹചര്യത്തില്‍ നമുക്ക് എന്തു കൊടുക്കാന്‍ കഴിയുമെന്നാണ് ജ്യോതിമണി ആദ്യം ചോദിച്ചത്.

എന്നാല്‍ തുക എത്ര ചെറുതായാലും താന്‍ കൊടുക്കുമെന്ന നിശ്ചയദാര്‍ഢ്യത്തിലായിരുന്നു അക്ഷയ എന്ന് ജ്യോതിമണി പറഞ്ഞു. ജ്യോതിമണിയുടെ മൂന്നു പെണ്‍മക്കളില്‍ മൂത്തയാളായ അക്ഷയയ്ക്ക് ഇക്കഴിഞ്ഞ നവംബറിലാണ് ഹൃദ്രോഗം ഗുരുതരാവസ്ഥയിലാകുന്നത്.

ആറുവര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ ജ്യോതിമണി കൂലിപ്പണിയെടുത്താണ് മക്കളെ പോറ്റുന്നത്. ജനിക്കുമ്പോള്‍ തന്നെ അക്ഷയയ്ക്കു ഹൃദയത്തിനു പ്രശ്‌നമുണ്ടായിരുന്നുവെങ്കിലും വലുതാകുന്നതോടെ സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍ പറഞ്ഞിരുന്നതെന്ന് ജ്യോതിമണി പറയുന്നു.

2017ലാണ് അക്ഷയയുടെ ആദ്യത്തെ ശസ്ത്രക്രിയ കഴിയുന്നത്. സര്‍ജറിക്കായി ഓണ്‍ലൈനിലൂടെ ധനസമാഹരണം നടത്തുകയാണ് ജ്യോതിമണി ചെയ്തത്. ഫെയ്‌സ്ബുക്ക് വഴി അക്ഷയയ്ക്കായി തുടങ്ങിയ ധനസഹായത്തിന് മൂന്നരലക്ഷം രൂപയാണ് ലഭിച്ചിരുന്നത്.