വാജ്‌പേയിയുടെ ചിതാഭസ്മ നിമജ്ജന ചടങ്ങില്‍ തമാശ പറഞ്ഞ് ചിരിച്ചുല്ലസിക്കുന്ന ബിജെപി മന്ത്രിമാരുടെ വീഡിയോ പുറത്ത്: വാജ്‌പേയിയുടെ പേര് ബി.ജെ.പി ദുരുപയോഗിക്കുന്നുവെന്ന് മരുമകള്‍

single-img
24 August 2018

അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങില്‍ തമാശ പറഞ്ഞ് ചിരിച്ചുല്ലസിക്കുന്ന ബിജെപി മന്ത്രിമാരുടെ വീഡിയോ പുറത്ത്. ടൈംസ് നൗ ചാനലാണ് ചിതാഭസ്മ നിമജ്ജന ചടങ്ങിലെ മന്ത്രിമാരുടെ ചിരിയുടെ വീഡിയോ പുറത്തുവിട്ടത്.

ചത്തീസ്ഗഢ് ആരോഗ്യമന്ത്രി അജയ് ചന്ദ്രകാര്‍, കൃഷിമന്ത്രി ബ്രിജ്‌മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ തമാശ പറഞ്ഞ് ചിരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ധരംലാല്‍ കൗശിക് സന്ദര്‍ഭം ഓര്‍മ്മിപ്പിച്ച് മന്ത്രി ചന്ദ്രകാറിന്റെ കൈക്ക് പിടിക്കുന്നതും വീഡിയോയിലുണ്ട്.

ചടങ്ങില്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങും പങ്കെടുത്തിരുന്നു. ജീവിച്ചിരുന്നപ്പോള്‍ തന്നെ വാജ്‌പേയിയെ അവഗണിക്കുകയായിരുന്നു ബിജെപിയുടെ നേതൃത്വമെന്നും മരിച്ചുകഴിഞ്ഞ് ചിതാഭസ്മം നിമജ്ജനം ചെയ്യുമ്പോള്‍ പോലും എന്ത് ബഹുമാനമാണ് നേതാക്കള്‍ നല്‍കുന്നതെന്ന് ഇത് വ്യക്തമാക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതിനിടെ, വാജ്‌പേയിയുടെ പേര് ബി.ജെ.പി നേതാക്കന്‍മാര്‍ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നതായി വാജ്‌പെയുടെ മരുമകള്‍ കരുണ ശുക്ല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ, ചത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ് എന്നിവര്‍ക്കെതിരെയാണ് കരുണ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്നതിന് ശേഷം ബി.ജെ.പി ഒരിക്കല്‍ പോലും വാജ്‌പേയിയുടെ പേര് ഉച്ചരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി വാജ്‌പേയിയുടെ പേര് പരമാര്‍ശിച്ചത് സ്വാതന്ത്ര്യ ദിനത്തിലാണ്.
അതിന് കാരണം അദ്ദേഹം ആഗസ്റ്റ് 14ന് വാജ്‌പേയിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു എന്നതാണ്. വാജ്‌പേയിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്ന് മോദി മനസ്സിലാക്കിയത് കൊണ്ടാവാം അതെന്നും കരുണ ശുകഌകുറ്റപ്പെടുത്തുന്നു.

മുന്‍ ബി.ജെ.പി നേതാവും ലോക്‌സഭാംഗവുമായിരുന്ന കരുണ ശുക്ല2013 ല്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. വാജ്‌പേയിയുടെ വിലാപയാത്രയില്‍ മോദി 5 കിലോമീറ്റര്‍ നടന്നതിന് പകരം വാജ്‌പേയിയുടെ ആശയങ്ങള്‍ മുറുകെപ്പിടിച്ച് രണ്ട് അടി നടക്കുകയാണ് വേണ്ടതെന്ന ഉപദേശവും കരുണ നല്‍കുന്നു.